ചാലക്കുടി: മുണ്ടുമുറുക്കിയുടുത്ത് ലോക്ക് ഡൗണിനെ മറികടക്കുമ്പോഴും മുടങ്ങാതെ പ്രാവൂട്ട് നടത്തുകയാണ് ഒരുപറ്റം ഓട്ടോ ഡ്രൈവർമാർ. ആർത്തിയോടെ പറന്നിറങ്ങുന്ന പ്രാവുകളെ ഊട്ടിയാണ് സൗത്ത് ജംഗ്ഷനിലെ കാക്കിപ്പട മനം നിറക്കുന്നത്. മേൽപ്പാലത്തിനടിയിൽ വിശാലമായ ഒരിടം നഗരസഭ അനുവദിച്ചു നൽകിയതു മുതൽ തുടങ്ങി ഇവരുടെ പ്രാവുകൾക്കായുള്ള അന്നദാനം. വണ്ടികളിലിരുന്ന് കഴിക്കുന്ന ഭക്ഷണത്തിന്റെ ബാക്കിയിട്ടായിരുന്നു സ്‌നേഹവായ്പ്പിന്റെ തുടക്കം. എന്നാൽ പ്രാവുകളുടെ എണ്ണം കൂടുകയും പൊതിച്ചോറുകളിലെ ഭക്ഷണം തികയാതെ വരികയും ചെയ്തു. ഇതിനു പരിഹാരമായാണ് മുതിർന്ന ഓട്ടോ ഡ്രൈവർ അശോകന്റെ മനസിൽ പുതിയ ആശയം ഉടലെടുത്തത്. ഗോതമ്പും അരിയും വാങ്ങി വയ്ക്കുക, ആവശ്യം പോലെ ഇട്ടുകൊടുക്കുക. അശോകന്റെ പരജീവി സ്‌നേഹ സന്ദേശം എല്ലാവരും ഒറ്റക്കെട്ടയായി ഏറ്റെടുത്തു. അന്നുമുതൽ പാലത്തിന്റെ തൂണിൽ തൂങ്ങിയതാണ് ഒരിക്കലും ഒഴിയാത്ത ധാന്യക്കിറ്റുകൾ. ദിവസേന പലതവണ ഇവരാരെങ്കിലും വാരി വിതറുന്ന ഭക്ഷണം പറന്നെത്തുന്ന പ്രാവിൻകൂട്ടം അകത്താക്കും. ലോക്ക് ഡൗണിലും ഇതിനു മുടക്കമുണ്ടായില്ല. പശിയടക്കാൻ തങ്ങളെ മാത്രം കാത്തിരിക്കുന്ന പ്രാവുകളെ നിരാശപ്പെടുത്താതെ ദൗത്യം ഏറ്റെടുക്കാൻ അശോകന് നിറഞ്ഞ മനസായിരുന്നു. ഇതിനുമാത്രമായി വണ്ടിയോടിച്ച് വടക്കെ കൂടപ്പുഴയിൽ നിന്നും ഇയാൾ ദിവസവും രണ്ടും മൂന്നും തവണ സ്റ്റാൻഡിലെത്തി. നടൻ കലാഭവൻ മണിയുടെ പേരാണ് ഈ സ്റ്റാൻഡിനെന്നതും മറ്റൊരു സവിശേഷതയാണ്.