മാള: കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അന്നമനട പഞ്ചായത്തിൽ മുന്നൊരുക്കങ്ങൾക്ക് തുടക്കമായി. പഞ്ചായത്ത് തലത്തിൽ വ്യക്തമായ കർമ്മ പദ്ധതികളാണ് നടപ്പാക്കുന്നത്. മുന്നൊരുക്കത്തിൽ മികച്ച മാതൃകയാണ് പഞ്ചായത്ത് അവതരിപ്പിച്ചിട്ടുള്ളത്.

ഇതിനായി പ്രസിഡന്റ് ചെയർമാനും മെഡിക്കൽ ഓഫീസർ നോഡൽ ഓഫീസറും ഐ.സി.ഡി.എസ് സൂപ്പർവൈസർ കൺവീനറും മാള, കൊരട്ടി പൊലീസ് എസ്.എച്ച്.ഒമാർ, വൈസ് പ്രസിഡന്റ് സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ സി.ഡി.എസ് ചെയർപെഴ്‌സൺ,​ പ്രധാന അദ്ധ്യാപകർ, പഞ്ചായത്തംഗങ്ങൾ, വാർഡ്തല സമിതി, അംഗണവാടി ജീവനക്കാർ, ആശാവർക്കർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, ആരോഗ്യ സേന, ക്ലസ്റ്റർ തല കമ്മറ്റി, ആർ.ആർ.ടി തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

പ്രവർത്തനങ്ങൾ ഇവ

1 ക്ലസ്റ്ററിന് കീഴിലുള്ള 50 വീടുകളിലെ കുട്ടികളെ ദിവസേന നിരീക്ഷിക്കുക.

2 അവരുടെ ഹെൽത്ത് കാർഡ് രേഖപ്പെടുത്തുക.

3 കുട്ടികളെ പുറത്ത് നിന്നുള്ളവരിൽ നിന്ന് സമ്പർക്കം ഇല്ലയെന്ന് ഉറപ്പു വരുത്തുക.

4 കുട്ടികളെയും കൊണ്ട് യാത്രകൾ ചെയ്യുന്നില്ലയെന്ന് ഉറപ്പ് വരുത്തുക.

5 ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്ന രക്ഷിതാക്കളുടെ കുട്ടികളെ പ്രത്യേകം നിരീക്ഷിക്കുക.

5 കൂട്ടം കൂടിയുള്ള കുട്ടികളുടെ കളികൾ പരമാവധി ഒഴിവാക്കുക.

6 പൊതുചടങ്ങുകളിൽ കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്നില്ലയെന്ന് ഉറപ്പു വരുത്തുക.

7 ലക്ഷണങ്ങളുള്ള കുട്ടികളെ പെട്ടെന്ന് കൊവിഡ് ടെസ്റ്റിന് വിധേയമാക്കുക.

8 ഭിന്നശേഷിക്കാർ പ്രതിരോധ ശേഷി കുറഞ്ഞവർ,​ മറ്റ് രോഗബാധിതരായ കുട്ടികൾ എന്നിവർക്ക് പ്രത്യേക ശ്രദ്ധയും നിരീക്ഷണവും നൽകുക.

9 മൂന്നാഴ്ചയിലൊരിക്കൽ വാർഡ്‌ മെമ്പരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരണം.

വാർഡതല യോഗം ചെയ്യേണ്ടത്

1 വിവിധ ക്ലസ്റ്ററുകളുടെ പ്രവർത്തനം വിലയിരുത്തുക.

2 രോഗലക്ഷണമുള്ളവരെ യഥാസമയം ടെസ്റ്റിന് വിധേയമാക്കുക.

3 അർഹരായവർക്ക് ആശുപത്രി, ഡോക്ടർ, വാഹന സൗകര്യം ഏർപ്പെടുത്തുക.

പഞ്ചായത്ത് തല സമിതി ചെയ്യേണ്ടത്

1 വാർഡ്തല പ്രവർത്തനങ്ങളെ വിലയിരുത്തുക.

2 ബോധവത്കരണം നൽകുക.

3 പൊതുചടങ്ങുകൾ നിയന്ത്രിക്കുക.

4 പ്രത്യേക സോണുകളിൽ അണുനശീകരണം സാനിറ്റേഷൻ സൗകര്യം ഉറപ്പുവരുത്തുക.

5 പൊതു കളിസ്ഥലങ്ങൾ നിയന്ത്രിക്കുക.

6 അദ്ധ്യാപകരിലൂടെ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകുക.

7 മാനസിക സമ്മർദം നേരിടുന്ന കുട്ടികൾക്ക് കൗൺസിലിംഗ് ഏർപ്പെടുത്തുക.

8 കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പുവരുത്തുക.

9 കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുക.