maram
ജില്ലയിലെ മരം മുറിച്ചെടുത്ത സ്ഥലങ്ങള്‍ ടി.എന്‍. പ്രതാപന്‍ എം.പിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം സന്ദര്‍ശിക്കുന്നു.

തൃശൂർ: വനംകൊള്ളയുടെ ഭാഗമായി ജില്ലയിലെ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ ആലുംകുന്ന്, ചേലക്കര നിയോജക മണ്ഡലത്തിലെ പുലാക്കോട് പോത്തുന്തടം തൊട്ടാവാടി കുളമ്പ് കോളനി പ്രദേശങ്ങളിലെ മരം മുറിച്ചെടുത്ത സ്ഥലങ്ങൾ ടി.എൻ. പ്രതാപൻ എം.പിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. ഏകദേശം 25 കോടിയുടെ മരങ്ങളാണ് പട്ടയ ഭൂമിയിലെ അനുവദനീയമായ മരം മുറിക്കുന്നതിന്റെ ഉത്തരവിന്റെ മറവിൽ മുറിച്ചുമാറ്റിയത്.

റവന്യൂമന്ത്രി കെ. രാജൻ ഈ സ്ഥലങ്ങൾ സന്ദർശിക്കാത്തതും ഉത്തരവുകൾ ശരിയാണെന്ന് വീണ്ടും സമർത്ഥിക്കുന്നതും അദ്ദേഹത്തിന്റെ പങ്ക് വെളിവാക്കുകയാണ്. ഈ സ്ഥലങ്ങളിൽ പുതിയ തേക്കും തൈകൾ നട്ടു. ക്രമക്കേടിന് കൂട്ടുനിന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പങ്കിനെ സംബന്ധിച്ചും വനംകൊള്ളയുടെ രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെ സംബന്ധിച്ചും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യു.ഡി.എഫ് സംഘം ആവശ്യപ്പെട്ടു.

രമ്യ ഹരിദാസ് എം.പി, സനീഷ് കുമാർ ജോസഫ് എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ്, ജില്ലാ കൺവീനർ കെ.ആർ. ഗിരിജൻ, സി.എച്ച്. റഷീദ്, മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, മുൻ എം.എൽ.എ അനിൽ അക്കര, വികാസ് ചക്രപാണി, അഡ്വ. മനോജ് കുമാർ, ബഷീർ തൈവളപ്പിൽ, പി.എസ്. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.