തൃശൂർ: കോർപറേഷന്റെ അഗതികൾക്കുള്ള ക്യാമ്പും സമൂഹ അടുക്കളയും ലോക്ക്ഡൗൺ പിൻവലിച്ചതിന്റെ ഭാഗമായി നിറുത്തി. എല്ലാ അഗതികൾക്കും കൊവിഡ് വാക്‌സിൻ നൽകി. വീടുകളിലേക്കും അന്യസംസ്ഥാനത്തേക്ക് പോകുന്നവർക്കുമുള്ള നടപടികൾ പൂർത്തീകരിച്ചു വരികയാണ്. കോർപറേഷന്റെ മൂന്ന് ക്യാമ്പുകളിലും ഈ കാലയളവിൽ മുടങ്ങാതെ ഭക്ഷണം നൽകിയിരുന്നു. സീത വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മയെയും ഭക്ഷണം തയ്യാറാക്കിയിരുന്ന ഗണേഷ് സ്വാമിയെയും മൂസാസ് ബിരിയാണിയുടെ ഉടമ ഷാജിയെയും സ്ഥലം വിട്ടുനൽകിയ ഹോളി ഫാമിലി സിസ്റ്റേഴ്‌സിനെയും മേയർ ആദരിച്ചു. ഭക്ഷണം നൽകിയിരുന്നവർക്ക് ഏഴ് ദിവസത്തേക്കുള്ള അരി, പലവ്യഞ്ജന കിറ്റ് ഉൾപ്പെടെ നൽകിയാണ് സമൂഹ അടുക്കള അവസാനിപ്പിച്ചത്.