kaimarunnu
കൊടുങ്ങലൂരിലെ സഹപാഠി 87 കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണത്തിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ വിദ്യാർത്ഥികൾക്കുള്ള ടാബുകൾ കൈമാറുന്നു

കൊടുങ്ങല്ലൂർ: സംവിധായകൻ സച്ചിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് സഹപാഠി 87 കൂട്ടായ്മയുടെ നേതൃത്വത്തിൽ ലോക്ഡൗണിൽ തൊഴിലില്ലാതായ സിനിമാ തിയേറ്റർ ജീവനക്കാർക്ക് ഭക്ഷ്യ കിറ്റും സാമ്പത്തിക സഹായവും നൽകി. ശൃംഗപുരം ഗവ. ഹൈസ്‌കൂളിലെ സഹപാഠികളാണ് ഇരുപത്തിയഞ്ചോളം തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റും സാമ്പത്തിക സഹായവും നൽകിയത്. ഇതോടൊപ്പം സ്‌കൂളിലെ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി 12 ടാബുകളും നൽകി. വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലേയ്ക്കുള്ള ടാബുകൾ എം.എൽ.എ പ്രധാന അദ്ധ്യാപിക ബീന കെ. മേനോന് കൈമാറി. സഹപാഠി വൈസ് ചെയർമാൻ മുഹമ്മദ് ഹുവൈസ് അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ അഡ്വ. ഡി.ടി വെങ്കിടേശ്വരൻ ഭക്ഷ്യ കിറ്റുകളും സാമ്പത്തിക സഹായവും വിതരണം ചെയ്തു. എൻ.വി ബിജു, പി.ടി.എ പ്രസിഡന്റ് സിനിൽ, കെ.ആർ വിജയഗോപാൽ എന്നിവർ സംസാരിച്ചു.