black-money

തൃശൂർ: കൊടകരയിൽ കുഴൽപ്പണ തട്ടിപ്പുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട 3.5 കോടിയിൽ ബാക്കിത്തുക കണ്ടെത്താൻ അന്വേഷണം ഊർജിതം. ഇതുവരെ 1.3 കോടി മാത്രമേ കണ്ടെത്താനായിട്ടുള്ളൂ. ബാക്കിത്തുക സംബന്ധിച്ച സൂചനകൾ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിനു ലഭിച്ചിരുന്നു. വെള്ളിയാഴ്ച കണ്ണൂർ, കാസർകോട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപ കണ്ടെത്തിയെന്നാണ് വിവരം. എന്നാൽ ഇത് എത്രയെന്ന് വ്യക്തമായിട്ടില്ല. തട്ടിക്കൊണ്ടുപോയത് കുഴൽപ്പണമാണെന്നും 3.5 കോടിയുണ്ടായിരുന്നെന്നും കോടതിയിൽ റിപ്പോർട്ട് നൽകിയ അന്വേഷണ സംഘത്തിന് അത് തെളിയിക്കുന്ന തരത്തിലുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കണം.

പണമോ പണമിടപാടുകളോ കൃത്യമായി കണ്ടെത്തിയാൽ മാത്രമേ കവർച്ചാക്കേസിൽ കുറ്റപത്രം സമർപ്പിക്കാനാകൂ.

അതേസമയം, 3.5 കോടിയിൽ 3.25 കോടി വ്യാപാരാവശ്യത്തിനു കൊണ്ടുവന്നതാണെന്ന് മൊഴി നല്കിയ ധർമരാജനെ പൊലീസ് വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുത്തു. വരാൻ നിർദ്ദേശിച്ചിരുന്നതിലും ഒരു ദിവസം വൈകിയാണ് ധർമരാജൻ അന്വേഷണസംഘത്തിന് മുന്നിലെത്തിയത്. കോടതിയിൽ നൽകിയ രേഖകളും ഹർജിയിൽ നടത്തിയ വെളിപ്പെടുത്തലുകളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായിരുന്നു മൊഴിയെടുക്കൽ.