ഗുരുവായൂർ: പെട്രോളിയം ഉത്പന്നങ്ങളുടെ വിൽപനയ്ക്കായി സംസ്ഥാനത്ത് ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സി പമ്പുകളുടെ ആദ്യ പട്ടികയിൽ ഗുരുവായൂരും. ഗുണനിലവാരമുള്ള കലർപ്പില്ലാത്ത പെട്രോളിയം ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിനും അതുവഴി വരുമാനം വർദ്ധിപ്പിക്കുന്നതിനുമായാണ് കെ.എസ്.ആർ.ടി.സി സംസ്ഥാനത്തുടനീളം പെട്രോൾ – ഡീസൽ പമ്പുകൾ തുടങ്ങുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്നാണ് പമ്പുകൾ തുടങ്ങുക.
കെ.എസ്.ആർ.ടി.സിയുടെ നിലവിലുള്ള ഡീസൽ പമ്പുകൾക്കൊപ്പം പെട്രോൾ യൂണിറ്റും കൂടി ചേർത്താണ് പമ്പുകൾ തുടങ്ങുന്നത്. ഡീലർ കമ്മീഷനും സ്ഥല വാടകയും ഉൾപ്പടെ ഉയർന്ന വരുമാനമാണ് ഇങ്ങനെ പ്രതീക്ഷിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ നിലവിലുള്ള പ്രതിസന്ധി മറികടക്കാൻ ഇവ സഹായിക്കും. ഈ പദ്ധതിയിലെ ആദ്യഘട്ടം നൂറു ദിവസത്തിനകം തുടങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ട്. ചേർത്തല, മാവേലിക്കര, മൂന്നാർ, ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്, ചാത്തന്നൂർ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളിൽ പമ്പുകൾ തുടങ്ങുക. മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകളും തുടങ്ങും. ഈ പദ്ധതിയ്ക്കുള്ള സാമ്പത്തിക ചെലവുകൾ ഇന്ത്യൻ ഓയിൽ കോർപറേഷനാണ് വഹിക്കുക.