ചാലക്കുടി: മൂന്നു വർഷം മുമ്പ് പ്രാണൻ രക്ഷിച്ചവരുടെ വിശപ്പകറ്റാൻ ഭക്ഷ്യ വസ്തുക്കളുമായി മോതിരക്കണ്ണിയിലെ സന്നദ്ധ സംഘടന. എൽ.ജെ.ഡിയുടെ കാരുണ്യ പ്രവർത്തന വിഭാഗമായ കനിവിന്റെ നേതൃത്വത്തിൽ കോട്ടപ്പുറം കടൽത്തീരത്തേക്കാണ് കാർഷിക വിഭവങ്ങൾ എത്തിച്ചത്. മരച്ചീനി, ചക്ക, കായ, മാങ്ങ, തേങ്ങ എന്നിവയാണ് വറുതിക്കാലത്തിനൊരു കൈത്താങ്ങായത്. ഒറ്റ ദിവത്തിനകം മൂന്നു ടൺ കാർഷിക ഇനങ്ങൾ ഇതിനായി ശേഖരിച്ചു.
പ്രളയകാലത്ത് കൈയ്യിൽ കിട്ടിയ വള്ളങ്ങളുമായെത്തിയ കടലിന്റെ മക്കൾ ജീവൻ പണയം വച്ചാണ് തങ്ങളുടെ ജീവൻ രക്ഷിച്ചതെന്ന് മോതിരക്കണ്ണിക്കാർ തിരിച്ചറിഞ്ഞു. ഇതിനുള്ള നന്ദി സൂചകം കൂടിയാണ് ഇവിടെ സുലഭമായ മൂന്ന് ടൺ ഭക്ഷ്യ വസ്തുക്കൾ കടത്തീരത്തേക്ക് കയറ്റി വിട്ടത്. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റും കനിവ് രക്ഷാധികാരിയുമായ യൂജിൻ മോറേലിയുടെ നേതൃത്വത്തിലായിരുന്നു ഇവയുടെ ശേഖരണം.
കോട്ടപ്പുറത്ത് ഫാ.അബ്രോസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള ക്യാമ്പിലേയ്ക്കുള്ള യാത്ര യൂജിൻ മോറേലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ, കൺവീനർ ജോയ് മോറേലി, പി.സി. ജോണി, ഉണ്ണിക്കൃഷ്ണൻ പ്ലാശ്ശേരി, എൻ.സി. ബോബൻ, ലിജേഷ് പെട്ടിക്കൽ, പി.കെ. മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.