മാള: നാട്ടറിവുകൾ കൂട്ടിക്കിഴിച്ച് അജി തോമസ് (49) വികസിപ്പിച്ചെടുത്ത കൃഷി രീതി ധാതുലവണങ്ങളുടെ കലവറയാക്കി മണ്ണിനെ സമ്പുഷ്ടമാക്കുന്നു. കൃഷി ചെലവ് കുറയ്ക്കുന്നത് സംബന്ധിച്ച് ഒന്നര പതിറ്റാണ്ടിലധികമായി മണ്ണിലും, വിത്തിലും, ചെടിയിലും, വിളവിലും വയനാട് മാളിക സ്വദേശി കുന്നേൽ അജി തോമസ് നടത്തിയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നൂറുമേനി വിജയം നേടിയിരിക്കുകയാണ്.
ശാസ്ത്ര സാങ്കേതിക വിദ്യകളും, നാട്ടറിവുകളുടെ നേർക്കാഴ്ചകളും സംയോജിപ്പിച്ച് ഇദ്ദേഹം വികസിപ്പിച്ചെടുത്ത നെന്മേനി ചിറ്റുണ്ട അഥവാ കെട്ടിനാട്ടി രീതി വലിയ രീതിയിൽ പ്രചാരത്തിലായിരിക്കുകയാണ്. വയനാട്ടിൽ ഏറെ പ്രചാരമുള്ള ഈ രീതി മാള മേഖലയിലും വ്യാപകമാവുകയാണ്. കുറഞ്ഞ ചെലവിൽ ഉയർന്ന ഉത്പാദനം മാത്രമല്ല നല്ല ഭക്ഷണവും ഉറപ്പുനൽകുന്നതാണ് ഈ രീതി.
പാരമ്പര്യ കർഷക കുടുംബത്തിൽ ജനിച്ച അജി തോമാസിന്റെ വിദ്യാഭ്യാസം പ്രീഡിഗ്രിയാണ്. സ്വന്തമായുള്ള ഒന്നര ഏക്കർ കൂടാതെ നാലര ഏക്കർ പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യുന്നു. സംസ്ഥാനത്ത് 400 ഏക്കറോളം സ്ഥലത്ത് സ്വന്തം കൃഷി രീതി വിജയിപ്പിച്ചെടുത്തിട്ടുണ്ട്.
ഞാറ്റടി തയ്യാറാക്കുന്ന വിധം
അലിയോപ്പതിക് അല്ലാത്തവയുടെ (വാളൻ പുളി പോലുള്ളവ) ഇലകൾ കായ്ക്കുന്നതിന് മുമ്പ് ഇരുമ്പ് തൊടാതെ ചതച്ച് വെള്ളത്തിലിടണം. ഇതിനൊപ്പം വാഴയുടെ കട ഭാഗവും ഒരു കുമ്പളങ്ങയും ചേർക്കണം.
14 ദിവസം കഴിയുമ്പോൾ ചാണകത്തിനൊപ്പം പഞ്ചഗവ്യമോ ജീവാമൃതമോ ചേർത്ത് ലായനിയോടൊപ്പം ചേർത്ത് കുഴയ്ക്കുക. മണ്ണ് ചേരാത്ത ഈ മിശ്രിതത്തിനൊപ്പം വിത്തും കൂടി ചേർത്ത് ചവിട്ടി കുഴയ്ക്കുക. തുടർന്ന് ഒരു ഇഞ്ച് ചതുരശ്ര വലിപ്പമുള്ള അച്ചുകളിലേക്ക് ഈ കൂട്ട് മാറ്റുക. ഓരോ അച്ചുകളിലും ശരാശരി രണ്ടു മുതൽ നാല് വിത്തുകൾ ഉണ്ടായിരിക്കും. 72 മണിക്കൂർ ആകുമ്പോഴേക്കും വിത്തുകൾ മുളയ്ക്കും. ഒരാഴ്ചയായാൽ ഈ ഞാറ്റടി വയലിലെത്തിച്ച് ഓരോ ചിറ്റുണ്ടയും 25 സെന്റീമീറ്റർ അകലത്തിൽ ഇടാവുന്നതാണ്.
കൃഷിയിലെ മെച്ചം
സാധാരണ രീതിയേക്കാൾ ശരാശരി 40 ശതമാനം വരെ ചെലവ് കുറയും. ഒരേക്കറിലേക്ക് 30 മുതൽ 35 കിലോഗ്രാം വരെ വിത്ത് വേണ്ട സ്ഥാനത്ത് നെല്ലിനം അനുസരിച്ച് പരമാവധി അഞ്ച് കിലോഗ്രാം വരെ മതിയാകും. നെൽച്ചെടിക്കുള്ള 40 ദിവസത്തെ വളം ചിറ്റുണ്ടയിൽ ഉണ്ടായിരിക്കും. ഞാറ്റടി പറിച്ചു നടുമ്പോൾ ഉണ്ടാകുന്ന വളർച്ചയുടെ ശരാശരി കാലതാമസമായ 14 ദിവസം വരെ ഇതിലൂടെ ഒഴിവാക്കാം. അതായത് സാധാരണ കൃഷിയേക്കാൾ രണ്ടാഴ്ച മുമ്പ് കൊയ്ത്ത് നടത്താം. വിത്തുകൾ നഷ്ടപ്പെടുന്നില്ല. ഇരുമ്പ് തൊടാതെയാണ് ചിറ്റുണ്ട മണ്ണിലേക്ക് എത്തുന്നത്.