തൃശൂർ: മുരളി പെരുനെല്ലി എം.എൽ.എയുടെ ഓഫീസീന് മുന്നിൽ ധർണ നടത്തിയ ബി.ജെ.പി നടപടി അപലപനീയമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്. കള്ളപ്പണം കൊണ്ടുവന്നതിനാണ് ബി.ജെ.പി നേതാക്കൾ കൂഴൽപ്പണകേസിൽ കുടുങ്ങിയത്.
കേസിൽ കുടുങ്ങി പരിഹാസ്യരായ ബി.ജെ.പി മുഖം രക്ഷിക്കുന്നതിന് പല സമരാഭാസങ്ങളും നടത്തുണ്ട്. ഇതിൽ മുരളി പെരുനെല്ലി എം.എൽ.എയുടെ ഓഫീസിന് മുന്നിൽ സമരം നടത്തുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ജനങ്ങൾ തിരഞ്ഞെടുത്ത എം.എൽ.എയുടെ ഓഫീസിന് മുന്നിൽ അനാവശ്യ ധർണ നടത്തുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ല.
മണലൂരിൽ ബി.ജെ.പി സംസ്ഥാന നേതാവ് മത്സരിച്ചിട്ടും മൂന്നാം സ്ഥാനത്താണ് എത്തിയത്. ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട ബി.ജെ.പിയുടെ ഈ ജനാധിപത്യവിരുദ്ധ നടപടിയെ എല്ലാവിഭാഗം ജനങ്ങളും അപലപിക്കണമെന്ന് എം.എം. വർഗീസ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.