തൃശൂർ: ജില്ലയിലെ പൊതുമരാമത്ത് ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജില്ലയിലെ വകുപ്പ് ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ പ്രധാന പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. അകാരണമായി കരാറുകാർക്ക് സമയം നീട്ടി നൽകിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി.
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാതെ പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന കരാറുകാർക്കെതിരെ ശക്തമായ നടപടിയെടുക്കും. ജില്ലയിൽ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കാര്യങ്ങൾ വേഗത്തിലാക്കാൻ കളക്ടർ, എം.എൽ.എമാർ തുടങ്ങിയവരെ ഉൾപ്പെടുത്തി യോഗം വിളിക്കുവാൻ നിർദ്ദേശിച്ചു. എല്ലാ മാസവും ജില്ലാതലത്തിൽ പ്രവൃത്തികളുടെ അവലോകനം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. രണ്ടു മാസം കൂടുമ്പോൾ പ്രധാന പദ്ധതികളുടെ പ്രവൃത്തി പുരോഗതി മന്ത്രി നേരിട്ട് പങ്കെടുത്ത് വിലയിരുത്തും.
കരാർ സമയം കഴിഞ്ഞ്, പദ്ധതികൾ ഇഴഞ്ഞ് നീങ്ങുന്നത് അംഗീകരിക്കാൻ കഴിയില്ല. അലംഭാവം കാണിക്കുന്ന കരാറുകാരുടെ ലിസ്റ്റ് തയ്യാറാക്കി നൽകാൻ ചീഫ് എൻജിനിയർമാർക്ക് മന്ത്രി നിർദ്ദേശം നൽകി.