anoop-2

മാള: ലോക്‌ ഡൗണിൽ പുറത്തിറങ്ങാൻ കഴിയാതായപ്പോൾ ഏകാഗ്രതയോടെ കലാസൃഷ്ടി ഒരുക്കുന്നതിനായി യുവ കലാകാരൻ വയലോരത്ത് ഏറുമാടം കെട്ടി. ചുമർചിത്ര കലാകാരൻ മാള കുണ്ടൂർ സ്വദേശി കോഴിക്കാട്ടിൽ അനൂപ് കുണ്ടൂരാണ് (26) ഏറുമാടത്തിലിരുന്ന് ചിത്രം വരയ്ക്കുന്നത്. വീട്ടിലെ വിരസത മാറ്റി പ്രകൃതിയോട് ഇണങ്ങി ജോലി ചെയ്യാനുള്ള അന്വേഷണത്തിലാണ് ഏറുമാടം എന്ന ആശയം മനസിലുദിച്ചത്.

പ്രകൃതിയിൽ നിന്നുള്ള ചായക്കൂട്ടുകൾ മാത്രം ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ ചുമർ ചിത്രങ്ങൾ വരയ്ക്കുന്ന അനൂപ് ഈ ലോക്ഡൗണിൽ കൂടുതൽ സമയവും ചെലവഴിച്ചത് ഏറുമാടത്തിലാണ്. കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് ബി.എഫ്.എയും എം.എഫ്.എയും പാസായ അനൂപിന് വജ്ര ജൂബിലി ഫെലോഷിപ്പിന് അവസരം ലഭിച്ചെങ്കിലും കൊവിഡ് കാരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

പരമ്പരാഗത രീതിയിൽ പ്രകൃതിയിൽ നിന്നുള്ള നിറക്കൂട്ടുകൾ ഉപയോഗിച്ച് ചുമർചിത്രം വരയ്ക്കുന്നത് മുഖ്യ വിഷയമായാണ് എം.എഫ്.എ പാസായത്. അതേസമയം ആധുനിക രീതിയിലുള്ള ചുമർ ചിത്രങ്ങളും ആവശ്യക്കാർക്ക് ചെയ്തുകൊടുക്കാനും അനൂപ് മടികാണിക്കാറില്ല. ഇതിനകം നിരവധി ക്ഷേത്രങ്ങളിലും വീടുകളിലും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

മുളയും, ഓലയും, പലകകളും സംഘടിപ്പിച്ചാണ് വീടിന് പിന്നിലെ വയലോരത്ത് ഏറുമാടം കെട്ടിയത്. സഹായത്തിനായി സുഹൃത്തുക്കളും ഒപ്പം കൂടി. അങ്ങനെ ഏറുമാടം വീട്ടിലെ ഒരു മുറിക്ക് തുല്യമായി. വൈദ്യുതിയില്ലാത്തതിനാൽ സന്ധ്യ വരെയാണ് ജോലി ചെയ്യുക. ഇവിടെയിരുന്ന് വരയ്ക്കുന്ന ചിത്രങ്ങളാണ് പിന്നീട് ചുമർ ചിത്രങ്ങളാക്കി മാറ്റുന്നത്.