കൊടുങ്ങലൂർ: കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ട്യൂഷൻ നൽകുന്നതായി പരസ്യം ചെയ്തവർക്ക് പൊലീസിന്റെ താക്കീത്. കൊടുങ്ങല്ലൂർ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി എന്ന പേരിൽ സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് നടപടി.
സർക്കാരിന്റെ പദ്ധതിയായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോട് സാമ്യമുള്ള പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി എന്ന പേര് ഉപയോഗിക്കുന്നത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതായും, പരസ്യം കണ്ട് രജിസ്റ്റർ ചെയ്യുന്നവരുടെ ഫോൺ നമ്പർ, ആധാർ നമ്പർ, ഇ- മെയിൽ വിലാസം, മേൽവിലാസം എന്നീ വിവരങ്ങൾ ഇവർ ശേഖരിക്കുന്നത് ഡാറ്റ വിൽപ്പന പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾക്കിടയാക്കുമെന്നും പരാതിയുണ്ട്. കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ സോണി മത്തായി അന്വേഷണം ആരംഭിച്ചു.