velayudar

വീട്ടിൽ ഹാർമോണിയത്തിൽ തന്ത്രികൾ മീട്ടുന്ന വേലായുധൻ കിളിക്കോടൻ

ചേർപ്പ്: പ്രായത്തിന്റെ അവശതയിലും സംഗീതം ഉപാസനയാക്കിയ വ്യക്തിത്വത്തിന് ഉടമയാണ് ഊരകം ഞെരുവിശേരി കിളിക്കോടൻ വീട്ടിൽ വേലായുധൻ. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററിന്റെ ശിഷ്യനായ കിളിക്കോടൻ വേലായുധൻ ഈ സംഗീത ദിനത്തിലും സംഗീതത്തെ നെഞ്ചോട് ചേർക്കുകയാണ്. ഹാർമോണിയം, പുലാങ്കുഴൽ, വയലിൻ, ഓർഗൺ എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള വേലായുധന്റെ സംഗീത പാരമ്പര്യം ഒരു കാലത്ത് വിലമതിക്കാനാവത്താതിയിരുന്നു. വിദ്യാധരൻ മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച വീണപൂവ്, അഷ്ടപദി, എന്റെ ഗ്രാമം തുടങ്ങിയ ചലച്ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളുടെ ഭാഗപാത്രമാകുവാൻ വേലായുധന് സാധിച്ചിരുന്നു.

വീണപൂവിലെ നഷ്ട സ്വർഗങ്ങളെ എന്ന ഗാനത്തിൽ ചെറിയൊരു വേഷം ചെയ്യാൻ കഴിഞ്ഞെന്നും വേലായുധൻ പറയുന്നു. വിദ്യാധരൻ മാഷ്, മുല്ലനേഴി എന്നിവരുടെ ഭക്തി, ഗ്രാമീണ ഗാനങ്ങളിൽ വേലായുധൻ ഹാർമോണിസ്റ്റും, പുല്ലാങ്കുഴൽ വാദകനുമായിരുന്നു. പൂങ്കുന്നത്തെ ഭജന സംഘത്തിലും, വയലാർ ബാബുരാജിന്റെ കഥാപ്രസംഗ വേദികളിലും വേലായുധൻ ഹാർമോണിയം, തബല, പുല്ലാങ്കുഴൽ എന്നിവ വായിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി പ്രായത്തിന്റെ അവശതകളെ തുടർന്ന് വിശ്രമജീവിതം നയിക്കുകയാണ്. ഭാര്യ രമണിയും മക്കളായ രമ്യ, രേഖ എന്നിവരടങ്ങുന്നതാണ് കുടുംബം. ഞെരുവിശേരി വിക്ടറി ആർട്‌സ് ആൻഡ് സ്‌പേർട്‌സ് ക്ലബ് സജീവ പ്രവർത്തകനാണ്. നിരവധി സംഘടനകളുടെ ആദരവും ലഭിച്ചിട്ടുണ്ട്.