news-photo
മാസ്കും സാമൂഹിക അകലവും ഇല്ലാതെ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർ

ഗുരുവായൂർ: സമ്പൂർണ ലോക്ക്ഡൗൺ ദിനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം. ശനിയാഴ്ച നടന്ന ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനമാണ് വിവാദത്തിലായത്. വിവാഹത്തിനും മരണത്തിനും 20 പേർക്ക് മാത്രം പങ്കെടുക്കാൻ അനുവാദമുള്ളപ്പോൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തത് ഡി.ജി.പി ഉൾപ്പെടെ അമ്പതോളം പൊലീസുകാർ പങ്കെടുത്തിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഓൺലൈനിൽ നടന്ന ചടങ്ങ് വീക്ഷിക്കുന്ന സമയത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരും മാസ്‌ക് ഉപയോഗിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ല. ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, സിറ്റി പൊലീസ് കമീഷണർ, ജില്ലാ പൊലീസ് സുപ്രണ്ട് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

പൊലീസ് ചീഫ് ഉൾപ്പെടെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിനാൽ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് മനുഷ്യാവകാശ പ്രവർത്തകർ. സ്റ്റേഷന്റെ ഉദ്ഘാടനച്ചടങ്ങിൽ സ്ഥലം എം.പിയെ പങ്കെടുപ്പിക്കാതിരുന്നതും വിവാദമായിട്ടുണ്ട്. തന്നെ ഒഴിവാക്കിയതിനെതിരെ ടി.എൻ. പ്രതാപൻ എം.പി മുഖ്യമന്ത്രിക്ക് പരാതി നൽകി.