കൊടുങ്ങല്ലൂർ: ഭിന്നശേഷിക്കാരനായ മദ്രസ അദ്ധ്യാപകന്റെ മുച്ചക്ര വാഹനം കത്തിനശിച്ചു. അഴീക്കോട് പുത്തൻപള്ളിക്ക് കിഴക്കുവശം തരൂപീടികയിൽ അബൂബക്കർ മകൻ അബ്ദുൾ ഹക്കിം മുസ്‌ലിയാരുടെ മുച്ചക്ര സ്‌കൂട്ടറാണ് ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചത്.
വീടിന്റെ പോർച്ചിൽ നിറുത്തി വച്ചിരിക്കുകയായിരുന്നു സ്‌കൂട്ടർ. വീടിന്റെ ജനൽചില്ലകൾ പൊട്ടിത്തെറിച്ച് കുട്ടികളുടെ ദേഹത്ത് വീണതിെനെ തുടർന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് സ്‌കൂട്ടർ കത്തുന്നത് കണ്ടത്. നടക്കാൻ കഴിയാത്ത ഹക്കീമിന് ഈ സമയം നിസഹായതയോടെ നോക്കിനിൽക്കാനെ കഴിഞ്ഞിള്ളൂ.
കരച്ചിൽ കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും സ്‌കൂട്ടർ പൂർണമായും കത്തിനശിച്ചിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുത്തൻപള്ളിയിലെ മദ്രസ അദ്ധ്യാപകനാണ് അബ്ദുൾ ഹക്കീം. വെള്ളിയാഴ്ച അർദ്ധരാത്രിയിലും പ്രദേശത്ത് സമാനമായ സംഭവം നടന്നിരുന്നു. പഞ്ചായത്തിലെ ഒന്നാം വാർഡിൽ കറുകപ്പാടത്ത് പുത്തൻവീട്ടിൽ അബ്ദുറഹ്മാൻ ഭാര്യ ഉമ്മുകുൽസുവിന്റെ വീടും ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചിരുന്നു.