ചാലക്കുടി: ലോക്ക് ഡൗണിനോട് അനുബന്ധിച്ച് 48 ദിവസം നീണ്ടുനിന്ന ചാലക്കുടി നഗരസഭയിലെ സമൂഹ അടുക്കളയുടെ പ്രവർത്തനം അവസാനിപ്പിച്ചു. ഇനി ആവശ്യമുള്ളവർക്ക് കുടുംബശ്രീ വഴി ഭക്ഷണം നൽകും. സമൂഹ അടുക്കളിയിൽ നിന്നും ഇതുവരെ 52,​500 ഭക്ഷണ പൊതികൾ വിതരണം ചെയ്തു. വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും നൽകിയ അവശ്യ വസ്തുക്കളും പണവും ഉപയോഗിച്ചായിരുന്നു പ്രവർത്തനം. താലൂക്ക് ആശുപത്രി, കൊവിഡ് കെയർ സെന്റർ, അഗതിമന്ദിരം എന്നിവിടങ്ങളിൽ രണ്ടു നേരവും ഭക്ഷണം എത്തിച്ചു. കൊവിഡ് ബാധിച്ച കുടുംബങ്ങളിലും കൗൺസിലർമാരും ആർ.ആർ.ടി പ്രവർത്തകരുമാണ് പൊതിച്ചോറ് വിതരണം ചെയ്തത്. ദേശീയ പാതയിലൂടെ കടന്നുപോകുന്ന യാത്രക്കാർക്കും ഭക്ഷണം നൽകി. സമൂഹ അടുക്കളയുടെ അവസാന ദിവസത്തെ ഭക്ഷണം നഗരസഭാ കൗൺസിലർമാരുടെ വകയായിരുന്നു. കൗസിലർമാർ തങ്ങളുടെ ഓണറേറിയത്തിൽ നിന്നുള്ള പണം നൽകിയാണ് ചിക്കൻ, ബീഫ് എന്നിവ ഉൾപ്പെടുന്ന ഉച്ചയൂണ് നൽകിയത്. ചെയർമാൻ വി.ഒ. പൈലപ്പൻ, വൈസ് ചെയർമാൻ സിന്ധു ലോജു, ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. പോൾ തുടങ്ങിയവർ നേതൃത്വം നൽകി.