തൃശൂർ: കൊടകര കുഴൽപ്പണക്കവർച്ചാക്കേസിൽ ഭൂരിഭാഗം പണവും പ്രതികൾ ചെലവാക്കിയെന്ന് പൊലീസ്. ഇനിയും കൂടുതൽ കണ്ടെത്താനുള്ളതിനാൽ പ്രതിരോധത്തിലാണ് അന്വേഷണസംഘം. അതേസമയം, പിടിച്ചെടുത്ത പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ധർമരാജൻ നൽകിയ ഹർജി ഇരിങ്ങാലക്കുട കോടതി ബുധനാഴ്ച പരിഗണിക്കും.
കവർച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്നതിന് മുഴുവൻ കവർച്ചാപ്പണവും ഹാജരാക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. മൂന്നരക്കോടിയുടെ കവർച്ചയിൽ 1.37 കോടി മാത്രമാണ് കണ്ടെത്താനായത്.
70 ലക്ഷത്തിന്റെ ഇടപാടിന്റെ രേഖകൾ കണ്ണൂരിൽ നിന്ന് പിടികൂടിയെങ്കിലും ഇത് കവർച്ചപ്പണവുമായി ബന്ധിപ്പിക്കുന്നതിനുള്ള രേഖകൾ കിട്ടിയിട്ടില്ല. പ്രതികൾ ചെലവിട്ടതും കടം വീട്ടിയതും സമ്മാനമായി നൽകിയതുമായ രേഖകളുണ്ട്.
ഏപ്രിൽ മൂന്നിന് രാവിലെ 4.40ന് നടന്ന കവർച്ചയെപ്പറ്റി പരാതിപ്പെട്ടത് ഏപ്രിൽ ഏഴിന് രാത്രി 7.55നാണ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നയോഗിച്ചത് മേയ് പത്തിനും. അപ്പോഴേക്കും പ്രതികൾ പരമാവധി പണം ചെലവിട്ടതിനാലാണ് തൊണ്ടിപ്പണം കണ്ടെത്താൻ കഴിയാതെപാേയത്. 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുമായി സഹകരിക്കേണ്ടെന്ന് ബി.ജെ.പി തീരുമാനിച്ചതോടെ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ വിളിച്ചുവരുത്തിയുള്ള വിവര ശേഖരണത്തിനും കഴിയുന്നില്ല.