മാള: കൊവിഡ് വ്യാപനം തടയുന്നതിനായി വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂണിറ്റിന്റെ നേതൃത്വത്തിൽ മിഷൻ അൺലോക്ക് മാള പദ്ധതി തുടങ്ങുന്നു. മിഷൻ അൺലോക്ക് മാള എന്ന പേരിൽ കർമ്മസേന രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

യൂണിറ്റ് പരിധിയിലെ 600ഓളം വ്യാപാരികളെ ബാധിക്കാവുന്ന അടച്ചിടലിൽ നിന്ന് അവരെ മുക്തമാക്കുകയെന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. മാള ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ മൂന്ന് വാർഡുകളിലാണുള്ളത്. ഏതെങ്കിലും ഒരു വാർഡ് അടച്ചിടേണ്ടി വന്നാൽ പോലും മൊത്തം വ്യാപാര സ്ഥാപനങ്ങളെ ബാധിക്കുമെന്ന നിലയിലാണ്. വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് രോഗ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള ശുചീകരണവും ജാഗ്രതയും ഉണ്ടാകുന്നതിനുള്ള നിരീക്ഷണത്തിനാണ് കർമ്മ സേനയെ നിയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും പരിശോധനയും ശുചീകരണവും നടപ്പിലാക്കും. ചൊവ്വാഴ്ച അണുനശീകരണവും ബുധനാഴ്ച അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ പദ്ധതി ഉദ്ഘാടനവും നിർവഹിക്കും.

വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് പി.ടി പാപ്പച്ചൻ, സെക്രട്ടറി സി.പി ഉദയൻ, യൂത്ത്‌വിംഗ് പ്രസിഡന്റ് രാജു മണവാളൻ, വനിതാ വിഭാഗം പ്രസിഡന്റ് സിനി ജോഷി, മണ്ഡലം വൈസ് ചെയർമാൻ ആരിഫ് കോറോത്ത് എന്നിവർ പങ്കെടുത്തു.