വടക്കാഞ്ചേരി: ചുട്ടികലാകാരൻ ചെറുതുരുത്തി പുതുശ്ശേരി സ്വദേശിയായ രാമകൃഷ്ണൻ ഉണ്ടാക്കിയ റോക്കറ്റ് മാതൃകയാണ് ചെറുതുരുത്തിയിൽ ഇപ്പോഴത്തെ സംസാര വിഷയം. കൊവിഡ് മൂലം കഥകളിയരങ്ങുകൾ ഇല്ലാതായതോടെ പിതാവ് നടത്തിയിരുന്ന സോഡാ കമ്പനി ഏറ്റെടുത്ത് ഉപജീവിതം കഴിയുന്നതിനിടയിലാണ് കൊവിഡിന്റെ രണ്ടാം ഘട്ടം അതും ഇല്ലാതാക്കിയത്. പുറത്തിറങ്ങാൻ കഴിയാതെ വീടിനുള്ളിൽ കഴിയുന്നതിനിടെയാണ് വിദ്യാർത്ഥികൾക്കായി റോക്കറ്റ് ഉണ്ടാക്കുക എന്ന ആശയം രാമകൃഷ്ണന്റെ മനസിലുദിച്ചതു്. വെയ്സ്റ്റ് കടലാസ്, കാർഡ് ബോർഡ് കഷ്ണങ്ങൾ, ഇലക്ട്രിക് കേബിളുകൾ, അലുമിനിയം കമ്പി തുടങ്ങിയ ഉപയോഗിച്ച് റോക്കറ്റ് ഉണ്ടാക്കി. നിർമ്മാണം പൂർത്തിയായപ്പോൾ ഒറിജിലിനെ വെല്ലുന്ന മോഡലായി. ഇതോടെ ഇതിന് ആവശ്യക്കാരുമേറി. പക്ഷെ റോക്കറ്റുകൾ വിൽക്കാൻ രാമകൃഷ്ണൻ തയ്യാറല്ല. വിദ്യാർത്ഥികളുടെ പഠനത്തിനായി പുതുശ്ശേരി ശ്രീനാരായണ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററിലേക്ക് റോക്കറ്റുകൾ കൈമാറുമെന്ന് രാമകൃഷ്ണൻ പറഞ്ഞു. പ്രശസ്ത ചുട്ടികലാകാരൻ രാം മോഹന്റെ ശിഷ്യനാണ് രാമകൃഷ്ണൻ. സ്‌കൂൾ വിദ്യാർത്ഥികൾക്ക് റോക്കറ്റ് വിക്ഷേപണത്തെ കുറിച്ച് പഠിക്കാനുള്ള മാതൃകയായിട്ടാണ് ഈ റോക്കറ്റ് നിർമ്മാണം.