തൃശൂർ: തെക്കെമഠത്തിൽ പുതിയ ഇളമുറ സ്വാമിയാരായി കണ്ണൂർ കുറ്റിയാട്ടൂർ പഴശി ഏക്കോട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടെ മകൻ ശശിധരൻ നമ്പൂതിരി (വിരൂപാക്ഷൻ നമ്പൂതിരി)യുടെ അവരോധ ചടങ്ങുകക്ക് തുടക്കം. ഇന്ന് മഠത്തിൽ സന്യാസം അപേക്ഷിക്കൽ ചടങ്ങും ജീവശ്രാദ്ധമൂട്ടൽ, ഔപാസന ഹോമം എന്നിവ നടന്നു.
ഔപാസനം ക്രിയയോടെ ഗുരുസ്ഥാനീയനായ സന്യാസിക്ക് വച്ച് നമസ്‌കരിച്ച് ദീക്ഷ അനുവദിക്കാൻ അപേക്ഷിക്കൽ ചടങ്ങ് ആയിരുന്നു പ്രധാനം. ആചാര്യന്റെ നിർദ്ദേശപ്രകാരം ദേവൻമാരെയും പിതൃക്കളെയും പ്രീതിപ്പെടുത്തി, പാപങ്ങളെ ഇല്ലാതാക്കുന്ന കൃഛ്‌റം പൂർത്തിയാക്കും. കാല് കഴുകിച്ച് ഊട്ടിയ ശേഷം 24 പിണ്ഡം വച്ചു.. ജീവശ്രാദ്ധം ഊട്ടി ആത്മാവിന് കൂടി പിണ്ഡം വച്ച് പ്രധാന ചടങ്ങുകൾ പൂർത്തിയാക്കി.
സ്വാമി സച്ചിദാനന്ദ ഭാരതി സ്വാമിയാരെ സ്വീകരിച്ചു. ഇന്ന് പുലർച്ചെ ഗുരുവും ആചാര്യനുമായ മൂപ്പിൽ സ്വാമിയാരാണ് സ്വാമിയാരെ ദേവസന്നിധിയിലേക്ക് കൂട്ടിക്കൊണ്ടു പോവുക. കാവി വസ്ത്രം ധരിപ്പിച്ച് പുതിയ പേര് നൽകും. സന്ധ്യാ വന്ദനം, ദിനചര്യ. ഉപാസനക്രമം, പുഷ്പാഞ്ജലി, സന്യാസി ധർമ്മം എന്ന ഉപദേശിക്കും.
മറ്റ് സന്യാസിമാരുടെ കൂടെ ഭിക്ഷ സ്വീകരിച്ച് വെച്ച് നമസ്‌കരിച്ചവർക്ക് തീർഥം നൽകുന്നതോടെ ക്രിയകൾ പൂർത്തിയാവും. ഇന്ന് പുതിയ സന്യാസിയെ വച്ച് നമസ്‌കരിക്കുന്നതിന് സൗകര്യമുണ്ടാകും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ലളിതമായാണ് ചടങ്ങുകൾ നടത്തുന്നത്.