കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്തിലെ കാരയിൽ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വഴി തടഞ്ഞു. പഞ്ചായത്തിലെ 13, 14 വാർഡുകളിലെ താമസക്കാരാണ് സമരം നടത്തിയത്. കടലോര പ്രദേശമായ ഇവിടെ ശുദ്ധജലം കിട്ടാതായതിനെ തുടർന്നാണ് സ്ത്രീകളുൾപ്പടെയുള്ളവർ വഴി തടയാനെത്തിയത്.

പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലുൾപ്പെടെ ഒരാഴ്ചയിലധികമായി വെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഒരു മണിക്കൂറോളം സമയം നാട്ടുകാർ വഴി തടഞ്ഞു. തുടർന്ന് എസ്.ഐമാരായ നിധിൻ രാജ്, തോമസ്, അഹദ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സമരക്കാരുമായി ചർച്ച നടത്തി. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.കെ മോഹനൻ എന്നിവരും സ്ഥലത്തെത്തി.

കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന ഉറപ്പിൻമേൽ നാട്ടുകാർ സമരം അവസാനിപ്പിച്ചു. പോണത്ത് ബാബു, പി.ബി വൈശാഖ്, പി.ജെ വൈശാഖ്, പി.ആർ ഗിരീഷ്, പി.എം മഹേഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി. റോഡ് തടഞ്ഞ് സമരം നടത്തിയ 12 ഓളം പേ‌ർക്കെതിരെ പൊലീസ് കേസെടുത്തു.