പാവറട്ടി: ഗുരുവായൂരിലെ വലിയതോട്ടിലൂടെ ചക്കംകണ്ടത്തേക്ക് ഒഴുകിയെത്തുന്ന മാലിന്യം സൃഷ്ടിക്കുന്ന ഗുരുതര പ്രശ്നങ്ങളെക്കുറിച്ച് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയ സമരത്തിലൂടെ ശ്രദ്ധേയനായ ജോർജ് മാഷിന് ജന്മനാടിന്റെ വിട. ഇനി ഈ സമര മുഖത്ത് ജോർജ്ജ് മാഷ് ഉണ്ടാകില്ല.
ഗുരുവായൂരിന്റെയും പരിസര പ്രദേശങ്ങളിലും നടന്നിരുന്ന സാമൂഹിക, സാംസ്‌ക്കാരിക, പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു സി.എഫ് എന്ന ജോർജ്ജ് മാഷ്. സ്‌കൂൾ വിദ്യർത്ഥികളെ പ്രചോദിപ്പിക്കാനാകുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
സി.വി. ശ്രീരാമന്റെ പരിസ്ഥിതി എഴുത്തുകളിൽ ജോർജ് മാഷ് സ്ഥിരംമുഖമാണ്. പവിത്രന്റെയും പി.ടി കുഞ്ഞുമുഹമ്മദിന്റെയും സിനിമാ പ്രവർത്തനങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്നു. അവരുടെ സിനിമകളിൽ അഭിനയിക്കാനും നിർമ്മാണത്തിൽ സഹകരിക്കാനും മുൻപന്തിയിലുണ്ടായിരുന്നു. ഗ്രീൻ ഹാബിറ്റാറ്റ് എന്ന പരിസ്ഥിതി ജൈവവൈവിദ്ധ്യ സംഘടനയുടെ സ്ഥാപക ഡയറക്ടർ കൂടിയാണ് മാസ്റ്റർ.
കടപ്പുറം പഞ്ചായത്തിലെ ജൈവവേലി നിർമ്മാണത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു. പാലുവായ് ഗർഷോം നഗറിൽ പ്രശസ്ത ചിത്രകാരൻ എം.വി. ദേവൻ രൂപകല്പന ചെയ്തു നിർമ്മിച്ച അദ്ദേഹത്തിന്റെ വീടും പ്രശസ്ത ചിത്രകാരൻ സി.എൻ. കരുണാകരന്റെ പ്രശസ്തമായ ക്രിസ്തുവിന്റെ 'അവസാനത്തെ അത്താഴം ' എന്ന സിമെന്ററിലീഫ് ശില്പവും ഇവരുമായുമായുള്ള സൗഹൃദത്തിന്റെ അടയാളമായി മാഷിന്റെ വീട്ടിലുണ്ട്.
തൃശൂരിൽ നിന്നും 90 കാലഘട്ടങ്ങളിൽ ഇറങ്ങിയിരുന്ന സരോവരം മാസികയുടെ സംഘാടകരിൽ പ്രധാനിയായി പ്രവർത്തിച്ചിരുന്നു. പാവറട്ടി മുദ്ര കലാ സാംസ്‌കാരിക വേദി, പാവറട്ടി പബ്‌ളിക് ലൈബ്രറി, ഗുരുവായൂർ ശ്രീരഞ്ജിനി സംഗീത സഭ തുടങ്ങിയവയുടെ സംഘടനത്തിലും ജോർജ്ജ് മാഷ് മുഖ്യ പങ്കു വഹിച്ചു. മണത്തല ഗവ. സ്‌കൂൾ, മുതുവട്ടൂർ ഗവ. ഹൈസ്‌കൂൾ, മുല്ലശ്ശേരി ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി.
ദേശമംഗലം ഗവ. ഹൈസ്‌കൂളിൽ നിന്ന് പ്രധാനാദ്ധ്യാപകനായാണ് സർവീസിൽ നിന്നും വിരമിച്ചത്.