പാവറട്ടി: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് മുല്ലശ്ശേരി സെന്ററിൽ നടന്ന ചക്രസ്തംഭന സമരത്തിൽ അണിനിരന്ന സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾക്ക് നേരെ പാവറട്ടി പൊലീസ് അതിക്രമം നടത്തിയതായി നേതാക്കൾ. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എൻ.കെ. സുബ്രഹ്മണ്യൻ ഉൾപ്പടെയുള്ള സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളെ പൊലീസ് തടഞ്ഞതായി പരാതിപ്പെട്ടു. കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്റെ അടിയന്തര യോഗം സർക്കാറിനോടാവശ്യപെട്ടു. സി.ഐ.ടി.യു മണലൂർ ഏരിയാ സെക്രട്ടറി
വി.ജി. സുബ്രഹ്മണ്യൻ, എ.ഐ.ടി.യു.സി മണലൂർ മണ്ഡലം സെക്രട്ടറി കെ.കെ. ഹരിദാസൻ, ഐ.എൻ.ടി.യു.സി മണലൂർ മണ്ഡലം പ്രസിഡന്റ് ജിൻന്റൊ തേറാട്ടിൽ, എൻ.ജെ ലിയോ, മുഹമ്മദ് സിംല തുടങ്ങിയവർ സംസാരിച്ചു. ഇത് സംബന്ധിച്ച് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു.