ചാലക്കുടി: തിരിമുറിയാത്ത മഴയില്ല, വള്ളിച്ചെടികളും കമ്പുകളും നട്ടുപിടിക്കാൻ കൃഷിക്കാരും. കാലം തെറ്റുന്ന കാലാവസ്ഥയുടെ വികൃതിയിലേക്ക് വീണ്ടുമെത്തുന്നു ഒരു തിരുവാതിര ഞാറ്റുവേല കൂടി. ജൈവ കാർഷിക രീതികളൊക്കെ പഴങ്കഥകളായത് അറിയാതെയാണെങ്കിലും കാലചക്രത്തിന്റെ സഞ്ചാരത്തിൽ സാന്നിദ്ധ്യമാവുകയാണ് ഞാറ്റുവേലകളിലെ പുണ്യദിനങ്ങൾ.
കൈവിരൽ നട്ടാലും വേരുപിടിക്കുമെന്ന പഴഞ്ചൊല്ലാണ് തിരുവാതിര ഞാറ്റുവേലയെ വേറിട്ടുനിറുത്തുന്നത്. കാർഷിക കലണ്ടറിലെ രാജ പദവി അലങ്കരിക്കാനും ഇത് ഹേതുവായി. മറ്റു 26 ഞാറ്റുവേലകളുടെ കാലാവധി പതിമൂന്നര ആണെങ്കിൽ തിരുവാതിരക്കിത് തികച്ചും പതിനാലു ദിവസം. ഇടവിട്ട മഴയും അതിനൊത്ത വെയിലും മണ്ണിൽ ഈർപ്പം നിറയ്ക്കും. ദിവസേന നൂറ്റിയൊന്ന് മഴയും അത്രതന്നെ വെയിലും എന്നാണ് പ്രമാണം.
കറുത്ത പൊന്നായ കുരുമുളകിന് വേരുപിടിക്കുന്നത് തിരുവാതിരയുടെ വളക്കൂറിലാണ്. മലയാളത്തിന്റെ പത്തായം നിറയ്ക്കുന്നതിന് മറ്റു ഞാറ്റുവേലകൾക്കും പങ്കുണ്ട്. മേടപ്പുലരിയിൽ അശ്വതി ഞാറ്റുവേലയുടെ തുടക്കത്തിനായി വിത്തും കൈക്കോട്ടുമായി കാത്തിരുന്നൊരു തലമുറയുണ്ടായിരുന്നു. ഉഴുതു മറിച്ച പാടങ്ങളിൽ പൊടിവിതയിലാകും ഇവരുടെ കൂട്ട പ്രയ്തനം. ഇതോടൊപ്പം മരച്ചീനിയും പറമ്പുകളിൽ കുത്തിതുടങ്ങും. വെണ്ടയും മഞ്ഞളും ഇഞ്ചിയുമെല്ലാം അടുത്ത ഭരണി ഞറ്റുവേലയിൽ കൃഷിയിടത്തിലെത്തും.
കാർത്തിക പച്ചവിത്തുകൾ കുത്തുന്ന കാലം. വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറി ഇനങ്ങൾ കൃഷിയിടത്തിൽ ഇടംപിടിക്കും. ഓണക്കാലത്തെ ജനപ്രിയ വിഭവമായ പയറിന് വിത്തുപാകുന്നത് രോഹിണി ഞാറ്റുവേലയിലാണ്. ഇങ്ങനെ വൈവിധ്യ കൃഷി രീതി അവലംബിക്കുന്ന ഞാറ്റു വേലകൾക്ക് പ്രാധാന്യം കുറയുന്നതാകട്ടെ ചോതിയിലും. ചോതി കഴിഞ്ഞാൽ ചോദ്യമില്ലെന്ന പഴഞ്ചൊല്ലും ഇവിടെ അന്വർത്ഥമാകുന്നു.
ഹരിത വിപ്ലവം വന്നതോടെയാണ് അനുഭവങ്ങളിൽ നിന്നും സ്വായത്തമാക്കിയ ഞാറ്റുവേല കൃഷി രീതി കാർഷിക കേരളത്തിൽ നിന്നും പടികടന്നതെന്ന് ജൈവ കർഷകനായ പോട്ടയിലെ തുമ്പരത്തി ശിവരാമൻ പറയുന്നു.
കൃത്രിമ വളവും കൃഷി രീതിയും മണ്ണിനെ മലിനമാക്കി, പ്രതിരോധശക്തി കുറയുന്ന മനുഷ്യന് പുതുതായി വരുന്ന വൈറസുകളെ മറികടക്കാൻ കഴിയുന്നില്ല. ആധുനിക കാലത്ത് കൃഷി വകുപ്പിന്റെ കണ്ടെത്തലുകളെ പൂർണമായും തള്ളിപറയുന്നത് അഭികാമ്യമല്ല. എന്നാൽ ഇവയ്‌ക്കൊപ്പം ഞാറ്റു വേലകളെക്കൂടി ആശ്രയിക്കുന്ന പുതിയൊരു കൃഷി രീതിയിലേക്ക് കടക്കുന്നത് ഉചിതമാകും.
- ശിവരാമൻ
ഞാറ്റു വേലകൾ
ഭൂമിയുടെ ഭ്രമണ പഥത്തിൽ സൂര്യനെ അടിസ്ഥാനമാക്കി, മറ്റു 27 നക്ഷത്രങ്ങളെ ആശ്രയിച്ച് രൂപപ്പെടുത്തിയ പുരാണ കൃഷി രീതിയാണിത്. ഭൂമി കടന്നു പോകുന്ന നക്ഷത്രത്തിന്റെ പേര് നൽകി ഞാറ്റുവേലകൾക്ക്. അതിനു അനുയോജ്യമായി കൃഷിയും നടത്തി. കാർഷിക കലണ്ടറിൽ മേടം ഒന്നിന് അശ്വതിയോടെ ആരംഭം. ഓരോന്നിനും പതിമൂന്നര ദിവസം ദൈർഘ്യം. രേവതിയിൽ അവസാനിക്കും. തിരുവാതിരക്ക് മാത്രം 14 ദിവസം.