mining

തൃശൂർ : സി.പി.എം മുൻ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ സലാമിന്റെ ഉടമസ്ഥതയിലുള്ള ക്വാറി പ്രവർത്തിക്കാൻ അനുമതി ഇല്ലാതിരുന്നിട്ടും ലോക്ഡൗൺ കാലത്ത് പോലും പ്രവർത്തിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ മൂന്നു ദിവസമായി നിരവധി ലോറികളിൽ കരിങ്കല്ല് അടുത്തുള്ള മറ്റൊരു ക്രഷറുകളിലേക്ക് കൊണ്ട് പോയിരുന്നതായും വിവരം ലഭിക്കുന്നുണ്ട്. ദിവസവും 20 ഓളം ലോഡുകൾ വരെ കൊണ്ട് പോയിരുന്നതായും പറയുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് വരെ ഇവിടെ നിന്ന് പുറത്തേക്ക് കല്ല് കൊടുത്തിരുന്നു. തിരഞ്ഞെടുപ്പിൽ അബ്ദുൾ സലാം തോറ്റതിന് ശേഷമാണ് പുറത്തേക്ക് വിൽപ്പന നിർത്തിയത്. പിന്നിട് അരകിലോമീറ്റർ അകലെയുള്ള ക്രഷറിലേക്ക് കൊണ്ട് പോകുകയും അവിടെ നിന്ന് ആവശ്യക്കാർക്ക് വിൽപ്പന നടത്തുകയുമാണ് ചെയ്തിരുന്നതെന്നും നാട്ടുകാർ പറയുന്നു. അനധികൃതമായി ക്വാറി പ്രവർത്തിക്കുന്ന വിവരം പൊലീസിനും മറ്റും അറിയാമായിരുന്നിട്ടും നടപടി എടുത്തിരുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. അസമയത്ത് പോലും ക്വാറി പ്രവർത്തിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ആദ്യം ഭൂമി കുലുക്കമാണെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. പിന്നീടാണ് ക്വാറിയിൽ പാറപൊട്ടിക്കുന്നതിനുള്ള തോട്ട പൊട്ടിത്തെറിച്ചാണെന്ന വിവരം പുറത്ത് വന്നത്. ഇന്നലെ മുള്ളൂർക്കര വാഴക്കോട് ക്വാറിയിൽ ഉണ്ടായ അപകടത്തിന്റെ പ്രകമ്പനം ഉണ്ടായത് രണ്ട് കിലോമീറ്റർ ദൂരമാണ്. പകൽ സമയങ്ങളിൽ ഒരേ സമയം പത്തോളം ലോറികൾ വരെ കല്ല് കൊണ്ട് പോകാൻ ഉണ്ടാകാറുണ്ടെന്നും പറയുന്നു. അപകടം പകൽ സമയത്തായിരുന്നെങ്കിൽ വലിയൊരു ദുരന്തം ഉണ്ടാകുമായിരുന്നു

മീൻ വളർത്തലിന്റെ മറവിൽ ഖനനം

സ്‌ഫോടനത്തിൽ ഇന്നലെ രാത്രി ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത വാഴക്കോട് ക്വാറി അടുത്ത കാലത്ത് വരെ പ്രവർത്തിച്ചിരുന്നത് മീൻ വളർത്തല്ലെന്ന വ്യജേന. എന്നാൽ ഇതിന്റെ മറവിലാണ് ഖനനം നടന്നിരുന്നത്. മുള്ളൂർക്കര മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അബ്ദുൾ സലാമും സഹോദരനുമെതിരെ അനധികൃതമായി നേരത്തെ ക്വാറി പ്രവർപ്പിച്ചതിന് കേസ് നിലവിലുള്ളതാണ്. എന്നാൽ ഇതെല്ലാം മറികടന്നാണ് നിയമലംഘനം നടത്തിയിരുന്നത്. 2017 ൽ വാഴക്കോട് ക്വാറിയ്ക്ക് ലൈസൻസ് അനുവദിച്ചതിന്റെ വ്യവസ്ഥ ലംഘിച്ചെന്ന കേസിൽ അബ്ദുൾസലാമും മറ്റൊരു സഹോദരനും പ്രതിയായിരുന്നു. അന്നത്തെ സബ് കളക്ടർ ഡോ. രേണു രാജ് ക്വാറിയിൽ മിന്നൽപരിശോധന നടത്തിയാണ് ക്വാറിക്കെതിരേ നടപടിയെടുത്തത്. എക്‌സ്‌പ്ലോസീവ് നിയമം അനുസരിച്ചാണ് ലൈസൻസിയുടെ പേരിൽ പൊലീസ് കേസെടുത്തത്. ഖനനത്തിന് എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ അനുമതിയില്ലെന്ന് റവന്യൂ അധികൃതർ പൊലീസിന് അറിയിച്ചിരുന്നു. ക്വാറിയിലെത്തി സയന്റിഫിക് അസിസ്റ്റന്റുമാർ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചതിന്റെ ശാസ്ത്രീയ തെളിവെടുത്തിരുന്നു. സംഭവം വിവാദമായതോടെ ക്രഷറുകളെ സംബന്ധിച്ച് തഹസിൽദാർ സബ് കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും റിപ്പോർട്ട് നൽകിയിരുന്നു.