വളരെ ചുരുങ്ങിയ സന്ദർഭങ്ങളിൽ മാത്രമേ പൂവച്ചൽ ഖാദറിനെ നേരിട്ടു കണ്ട് സംസാരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. സൗമ്യനും മൃദുഭാഷിയും സ്‌നേഹവാനുമായിരുന്നു അദ്ദേഹം . മലയാള ചലച്ചിത്ര ഗാനരംഗത്ത് ഒരു കാലത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമാണ് പൂവച്ചൽ ഖാദർ. നിരവധി ഗാനങ്ങൾ ആ തൂലികത്തുമ്പിലൂടെ ഊർന്നു വീണു. 'നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ' എന്നു തുടങ്ങുന്ന അദ്ദേഹത്തിന്റെ ഗാനം മലയാളത്തിലുണ്ടായിട്ടുള്ള മികച്ച ഗാനങ്ങളിലൊന്നായി എന്നും നിലനില്‌ക്കും. 'മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു', 'ആദ്യ സമാഗമ ലജ്ജയിൽ' തുടങ്ങിയ ഗാനങ്ങളിൽ പൂവച്ചൽ ഖാദർ എന്ന കവിയുടെ വേറിട്ട വിരലടയാളം നമുക്ക് കാണാൻ സാധിക്കും. 'നീയെന്റെ പ്രാർത്ഥന കേട്ടു, നീയെന്റെ മാനസം കണ്ടു' എന്ന അദ്ദേഹത്തിന്റെ ഗാനം പോലെ മലയാളത്തിൽ മറ്റൊരു ഗാനവും ഇല്ല. എന്തെന്നാൽ ഈശ്വരനോടുള്ള എല്ലാ പ്രാർത്ഥനാ ഗാനങ്ങളും നീ എന്നെ കേട്ടില്ല എന്ന പരാതിയോ, കേൾക്കൂ എന്ന അപേക്ഷയോ ആവാറാണല്ലൊ പതിവ്. പ്രിയങ്കരനായ പൂവച്ചൽ ഖാദറിന്റെ ദേഹവിയോഗത്തിൽ അഗാധമായി വ്യസനിക്കുന്നു. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു.