medical-college

തൃശൂർ: മുളങ്കുന്നത്തുകാവിൽ പ്രവർത്തിക്കുന്ന ഗവ. മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളിൽ രോഗികൾ അതൃപ്തരാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി നടത്തിയ പഠന റിപ്പോർട്ട്. അടിസ്ഥാന സൗകര്യങ്ങളായ ടോയ്‌ലറ്റ്, കുടിവെള്ളം, മൊത്തത്തിലുള്ള ശുചിത്വം, കൊതുക്, മൂട്ട ശല്യം എന്നിവ അസംതൃപ്തിയുടെ പ്രധാന കാരണങ്ങളാണ്. സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്താനാണ് പരിഷത്ത് പഠനം നടത്തിയത്.

ജോൺ മത്തായി സെന്റർ ഡയറക്ടർ ഡോ. ഡി. ഷൈജനാണ് പഠനം നടത്തിയത്. 2019 ഡിസംബർ, 2020 ജനുവരി മാസങ്ങളിൽ ജോൺ മത്തായി സെന്ററിലെ വിദ്യാർത്ഥികളായ സുനീഷ് .കെ, തജ്മ .കെ, ഫെബിന ഷെരിൻ .എ, ജിസ്‌ന ബാബു, മൃദുല .പി.യു, ശ്രുതി കെ. നായർ, മേരി ആന്റണി, ഐശ്വര്യ .പി, നീതു തോമസ്, ഷിന്യ .എ, ശരണ്യ .എ, ഏയ്ഞ്ചൽ ശിൽപ പി.എ, ഷീന .കെ എന്നിവരാണ് വിവരശേഖരണം നടത്തിയത്. പഠനത്തിനായി ഒ.പിയിൽ നിന്നുള്ള 3,000 രോഗികളിൽ നിന്ന് 150 ഉം മെഡിസിൻ, കുട്ടികളുടെ ചികിത്സ, ശസ്ത്രക്രിയ, എല്ലുരോഗ ചികിത്സ, പ്രസവ ചികിത്സാ വിഭാഗങ്ങളിൽ ഓരോന്നിൽ നിന്നും 10 സാമ്പിളുകൾ വീതം മൊത്തം 50 സാമ്പിളുകളുമെടുത്തു. പ്രതികരിച്ചവരിൽ 29 ശതമാനം പേർ ആദ്യമായി മെഡിക്കൽ കോളേജ് സന്ദർശിക്കുന്നവരാണ്. പ്രതികരിച്ചവരിൽ ഭൂരിഭാഗവും ഭയം കാരണം യഥാർത്ഥ സാഹചര്യം വെളിപ്പെടുത്തിയില്ല.

മെഡിക്കൽ കോളേജ്

30 വകുപ്പുകൾ

325 ഡോക്ടർമാർ

ഡോക്ടറുടെ സേവനത്തിൽ

തൃപ്തി

68.7 %

അതൃപ്തി ഇവ്വിധം


സേവനത്തിനുള്ള കാത്തിരിപ്പിൽ

(ഒരു മണിക്കൂറിൽ കൂടുതൽ കാത്തിരിപ്പ്)

56.66 %

മരുന്നിന്റെ ലഭ്യതക്കുറവിൽ

66 %

കുടിവെള്ള സൗകര്യത്തിൽ

58 %

ടോയ്‌ലറ്റ് സൗകര്യത്തിൽ

(മെഡിക്കൽ, സർജിക്കൽ വാർഡ്)

90 %

സേവനത്തിൽ

(നഴ്‌സുമാർ, അറ്റൻഡർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ)

54.4 %

രോഗികൾക്ക് കിടക്ക ലഭിക്കാൻ കാത്തിരിപ്പിൽ

(പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗം)

90 %

കാത്തിരിപ്പ്

12 മണിക്കൂറിൽ കൂടുതൽ


പഠനത്തിൽ കണ്ടെത്തിയ പ്രശ്‌നങ്ങൾ

രോഗികളുടെ സ്വകാര്യതയുടെ അഭാവം
കൂട്ടിരിപ്പുകാർക്കും ബന്ധുക്കൾക്കുമുള്ള കാത്തിരിപ്പ് മുറിയുടെ മോശം സൗകര്യം
കുടിവെള്ളം, കാന്റീൻ, ടോയ്‌ലറ്റ് എന്നിവയുടെ ലഭ്യതക്കുറവ്.
വാർഡിന്റെയും നഴ്‌സുമാരുടെയും എണ്ണക്കുറവ്.
ഒ.പി വിഭാഗത്തിലെ കൗണ്ടറുകളുടെ കുറവ്.
വാർഡിന്റെയും ടോയ്‌ലറ്റിന്റെയും ശുചിത്വക്കുറവ്.
മരുന്നുകളുടെ ലഭ്യതക്കുറവ്.

സർക്കാരിലേക്കുള്ള ശുപാർശകൾ

ബഡ്ജറ്റ് വിഹിതം വർദ്ധിപ്പിച്ച് കൂടുതൽ വാർഡുകളും ഓഫീസുകളും
മുതിർന്ന പൗരന്മാർക്ക് പ്രത്യേകം പരിഗണന
സൗകര്യങ്ങൾ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ സംവിധാനം

പഠന റിപ്പോർട്ടിൽ കണ്ടെത്തിയ കാര്യം ജില്ലാ കമ്മിറ്റി വിശദമായി ചർച്ച ചെയ്യും. പരിഹാരങ്ങളും മാർഗനിർദ്ദേശങ്ങളും സംബന്ധിച്ച പഠന റിപ്പോർട്ട് സംസ്ഥാന മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മെഡിക്കൽ കോളേജ് അധികൃതർ എന്നിവർക്ക് സമർപ്പിക്കും.

ടി. സത്യനാരായണൻ
ശാസ്ത്ര സാഹിത്യ പരിഷത്ത്
ജില്ലാ സെക്രട്ടറി