തൃശൂർ: കൂടുതൽ ഇളവുകൾ അനുവദിച്ചതോടെ ജില്ലയിലെ ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്നു. നഗരങ്ങളിലെ കടകളിലും സ്ഥാപനങ്ങളിലും തിരക്കേറി. സർക്കാർ ഓഫീസുകളിൽ ജീവനക്കാർ കുറവായിരുന്നെങ്കിലും സേവനം തേടിയെത്തിയവർ കൂടുതലുണ്ടായിരുന്നു. മൊബൈൽ ഷോപ്പുകളിലും തുണിക്കടകളിലും സ്വർണക്കടകളിലും പുസ്തകങ്ങൾ വിൽക്കുന്ന കടകളിലും തിരക്കുണ്ട്. ഉപഭോക്താക്കളെ മുഴുവനായി അകത്തേക്ക് പ്രവേശിപ്പിക്കാതെയായിരുന്നു പ്രവർത്തനം.
നിരത്തിലിറങ്ങിയ സ്വകാര്യബസുകളിലും നല്ല തിരക്കുണ്ടായി. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് യാത്രക്കാരെ അനുവദിച്ചത്. കളക്‌ഷൻ കൂടുന്നുണ്ടെങ്കിലും ഇന്ധനവിലയും യാത്രക്കാരെ കയറ്റുന്നതിലെ നിബന്ധനകളും കാരണം ബസ് സർവീസ് നഷ്ടത്തിലാണെന്നാണ് ബസുടമകൾ പറയുന്നത്.