കൊടുങ്ങല്ലൂർ: മുസ്‌രിസ് പ്രൊജക്ട് ലിമിറ്റഡുമായി ഉണ്ടാക്കിയിട്ടുള്ള കരാറിൽ നിന്നും കൊച്ചിൻ ദേവസ്വം ബോർഡ് പിന്മാറണമെന്ന് ആവശ്യം ഉയരുന്നു. ഭഗവതി ക്ഷേത്രത്തിന്റെ താത്പര്യങ്ങൾക്കും ക്ഷേത്രത്തിന്റെ വസ്തുവഹകൾ സംരക്ഷിക്കുന്നതിനും എതിരായ നിബന്ധനകൾ കരാറിൽ നിലനിൽക്കുന്നതിനാലാണ് പിന്മാറ്റം സംബന്ധിച്ച് ആവശ്യമുയരുന്നത്.

ഇതേ തുടർന്ന് കൊടുങ്ങല്ലൂരിലെ 19 ഹൈന്ദവ സംഘടനകൾ സംയുക്തമായി ദേവസ്വം അധികൃതർക്ക് നിവേദനം നൽകി. കരാർ പ്രകാരം പുനരുദ്ധാരണം നടത്തിക്കൊണ്ടിരിക്കുന്ന ഊട്ടുപുര നീണ്ട ഇരുപതു വർഷത്തേക്ക് മുസ്‌രിസിന്റെ അധീനതയിലായിരിക്കുമെന്ന് സംഘടനകൾ ആരോപിക്കുന്നു. അനുവാദമില്ലാതെ കെട്ടിടത്തിൽ ദേവസ്വത്തിന് ഒന്നും ചെയ്യാനാവില്ല. ഊട്ടുപുരയിൽ ആരംഭിക്കുന്ന മ്യൂസിയത്തിന്റെ നിയന്ത്രണവും ദേവസ്വത്തിനായിരിക്കില്ല. ഇതിന്റെ നടത്തിപ്പിനാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിൽ ദേവസ്വത്തിന് യാതൊരു പങ്കും ഉണ്ടായിരിക്കില്ല. മാത്രമല്ല ഈ ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യവും ദേവസ്വം ഒരുക്കണം. അതിനാൽ ഇരു സ്ഥാപനങ്ങളും തമ്മിൽ ഉണ്ടാക്കിയ എല്ലാ ഉടമ്പടികളിൽ നിന്നും ദേവസ്വം പിന്മാറണമെന്നാണ് നിവേദനത്തിലൂടെ സംഘടനകൾ ആവശ്യപ്പെടുന്നത്. കേരള ക്ഷേത്ര സംരക്ഷണ സമിതി മേഖല അദ്ധ്യക്ഷൻ സി.എം ശശീന്ദ്രൻ, രാഷ്ട്രീയ സ്വയം സേവക സഹ കാര്യവാഹ് രാകേഷ്, മാതൃസമിതി ജില്ലാ അദ്ധ്യക്ഷ ഡോ. ആശാലത, സമിതി താലൂക്ക് അദ്ധ്യക്ഷൻ എ.പി വേണുഗോപാലൻ മാസ്റ്റർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.