swami-
തെക്കെമഠം ഇളമുറ സ്വാമിയാർ ഗുരുക്കന്മാർക്കൊപ്പം വെച്ച് നമസ്കാരം ചെയ്യുന്നു

തൃശ്ശൂർ: മൂന്നുദിവസമായി തുടർന്ന വൈദിക ക്രിയകളുടെ പര്യവസാനത്തോടെ തെക്കെമഠത്തിലെ ഇളമുറ സ്വാമിയാരെ അവരോധിച്ചു. ഇളമുറ സ്വാമിയാർ നരസിംഹാനന്ദ ബ്രഹ്മാനന്ദ ഭൂതി എന്ന പേര് സ്വീകരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് ആരംഭിച്ച ഹോമം പൂർത്തിയാക്കിയശേഷം അഗ്‌നിയെ ഹൃദയത്തിലേക്കാവാഹിച്ചുകൊണ്ടായിരുന്നു സംന്ന്യാസ ദീക്ഷ സ്വീകരിച്ചത്.

തുടർന്നുള്ള ചടങ്ങുകൾ പടിഞ്ഞാറേച്ചിറ കുളക്കടവിലാണ് നടന്നത്. തലമുണ്ഡനം ചെയ്തപ്പോൾ ബാക്കി നിറുത്തിയ മുടിനാരും പൂണൂലും ചരടും അടക്കമുള്ളവ ജലത്തിൽ സമർപ്പിച്ച ശേഷം മുങ്ങിക്കയറിവന്ന സന്ന്യാസിയെ ഗൃഹസ്ഥനായ വൈദികൻ തടഞ്ഞുനിറുത്തി ജനങ്ങളുടെ ശ്രേയസിനായി ഇവിടെ താമസിച്ച് തപസ്സനുഷ്ഠിക്കണമെന്നപേക്ഷിച്ചു. തുടർന്ന് വസ്ത്രം, ദണ്ഡ് എന്നിവ നൽകി. ഗുരുനാഥനായ മൂപ്പിൽ സ്വാമിയാർ സന്ന്യാസ ഉപദേശങ്ങൾ നൽകിയശേഷം ദേവസന്നിധിയിലേയ്ക്ക് കൂട്ടിക്കൊണ്ടപോയി. കാവിവസ്ത്രം ഉടുപ്പിച്ച ശേഷം നരസിംഹാനന്ദ ബ്രഹ്മാനന്ദ ഭൂതി എന്ന പുതിയ പേര് നൽകി.

പുതിയ പേര് ലഭിച്ചതോടെ അദ്ദേഹം തെക്കെമഠത്തിലെ ഇളമുറ സ്വാമിയാരായി അവരോധിക്കപ്പെട്ടു. ഗുരുവിന്റെ നിർദേശപ്രകാരം പുഷ്പാഞ്ജലി കഴിച്ച് മറ്റ് സന്യാസിവര്യന്മാരുടെ കൂടെ ഭിക്ഷയും നമസ്‌കാരവും സ്വീകരിച്ചു.

ചടങ്ങുകൾക്ക് തൃക്കൈക്കാട്ട് മഠം മൂപ്പിൽസ്വാമിയാർ വാസദേവ ബ്രഹ്മാനന്ദതീർത്ഥ, തെക്കേമഠം മൂപ്പിൽസ്വാമിയാർ വാസദേവാനന്ദ ബ്രഹ്മാനന്ദഭൂതി, മുഞ്ചിറമഠം മൂപ്പിൽസ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദതീർത്ഥ, നടുവിൽമഠം ഇളമുറസ്വാമിയാർ അച്യുതഭാരതി, ഇടനീർമഠം മൂപ്പിൽസ്വാമിയാർ സച്ചിദാനന്ദഭാരതി എന്നിവരും പന്തൽവൈദികൻ ദാമോദരൻ നമ്പൂതിരി, ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട്, കൈമുക്ക് വൈദികൻ ജാതവേദൻ നമ്പൂതിരി, ഏർക്കര നാരായണൻ നമ്പൂതിരി, കൊല്ലോറ്റ നന്ദി നമ്പൂതിരി, തെക്കേമഠം മാനേജർ വടക്കുമ്പാട് നാരായണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു