1
ക്വാറി അപകടത്തിൽ ചില്ലുകൾ തകർന്ന സമീപത്തെ വീട്

വടക്കാഞ്ചേരി: കഴിഞ്ഞ ദിവസമുണ്ടായ സഫോടനത്തിൽ വിറങ്ങലിച്ചിരിക്കയാണ് മുള്ളൂർക്കര വളവ് നിവാസികൾ. ഭൂചലന പ്രദേശമായതിനാൽ ഭൂചലനത്തിലുണ്ടായ കുലുക്കമാണെന്നാണ് സമീപവാസികൾ ആദ്യം കരുതിയത്. ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലത്താണ് ക്വാറി പ്രവർത്തിക്കുന്നത്. പിന്നീടാണ് അപകടത്തെ കുറിച്ച് നാട്ടുകാർ അറിയുന്നത്. അപകടത്തിൽ സമീപ പ്രദേശത്തെ ഒട്ടുമിക്ക വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അപകടത്തിൽ മരിച്ച വാഴക്കോട് വളവ് മൂലയിൽ ഹസ്സനാരുടെ മകൻ അബ്ദുൾ നൗഷാദിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ പോസ്റ്റമോർട്ടത്തിന് ശേഷം വാഴക്കോടുള്ള സഹോദരന്റെ വസതിയിൽ എത്തിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങുകൾക്ക് ശേഷം വാഴക്കോട് വളവ് മസ്ജിദിൽ സംസ്‌കരിച്ചു. 2018ൽ തൃശൂർ സബ് കളക്ടറായിരുന്ന രേണു രാജ് നേരിട്ടെത്തിയാണ് ലൈസൻസില്ലാത്ത കാരണത്താൻ ക്വാറി അടച്ചുപൂട്ടിച്ചതു്. ക്വാറിയിലെ പാറപൊട്ടിച്ചെടുത്ത സ്ഥലത്ത് മീൻവളർത്തിയിരുന്നു. മീൻ പിടിക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടതെന്ന് പറയപ്പെടുന്നു. എന്നാൽ ക്വാറിയിൽ സൂക്ഷിച്ചിരുന്ന സഫോടകവസ്തുക്കൾ കുഴിച്ചിടുന്നതിനിടയിലാണ് പൊട്ടിത്തെറിച്ചതെന്ന് സമീപവാസികൾ പറഞ്ഞു.

ക്വാറിയിൽ ഉണ്ടായിരുന്ന തോട്ടപൊട്ടിയാണ് അപകടം സംഭവിച്ചതെന്ന് മുള്ളൂർക്കര മുൻപഞ്ചായത്ത് പ്രസിഡന്റ് എം.എച്ച്. അബ്ദുൾ സലാം പറഞ്ഞു. ഇദ്ദേഹത്തിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വാറി. കാലങ്ങളായി പ്രവർത്തിക്കാത്ത ക്വാറിയിൽ സഫോടകവസ്തുക്കൾ എന്തിനാണ് സൂക്ഷിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സംഭവ സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.