ഗുരുവായൂർ: ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്കെതിരെ പ്രതിഷേധവുമായി ദേവസ്വത്തിലെ സി.പി.എം അനുകൂല ജീവനക്കാരുടെ സംഘടനയായ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ. ദേവസ്വം ഭരണസമിതിയിലെ ജീവനക്കാരുടെ പ്രതിനിധി എ.വി. പ്രശാന്ത് അടക്കമുള്ള ജീവനക്കാരെ സ്ഥലം മാറ്റിയതാണ് അഡ്മിനിസ്‌ട്രേറ്റർക്കെതിരായ പ്രതിഷേധത്തിന് കാരണം. ഒരു മാനദണ്ഡവുമില്ലാതെ സ്വകാര്യ സ്ഥാപനം കൈകാര്യം ചെയ്യുന്ന ലാഘവത്തിലാണ് സ്ഥലമാറ്റങ്ങളെന്ന് ഓർഗനൈസേഷൻ ആരോപിച്ചു. കൂടിയാലോചനകളില്ലാതെയുള്ള സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് സി.പി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ. നാരായണൻ ഉണ്ണി, ഭരണസമിതി അംഗം എ.വി. പ്രശാന്ത്, വൈസ് പ്രസിഡന്റുമാരായ സി. മനോജ്, എം.സി. രാധാകൃഷ്ണൻ, ജോയന്റ് സെക്രട്ടറിമാരായ എം.എൻ. രാജീവ്, കെ.വി. വൈശാഖ് , ട്രഷറർ കെ.ആർ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.