കൊടുങ്ങല്ലൂർ: താലൂക്ക് ഗവ. ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ജനൽ ചില്ലകൾ ഒരോന്നായി ഊരി വീഴുന്നു. പൊലീസ് സ്റ്റേഷന് പടിഞ്ഞാറ് വശം നിർമ്മിച്ച അഞ്ച് നില കെട്ടിടത്തിലെ അലങ്കാര ജനൽ ചില്ലുകളാണ് അടർന്നു വീഴുന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഒരു പാളി ജനൽ ചില്ല് നിലം പതിച്ചു. പകൽ സമയങ്ങളിൽ നിരവധി പേർ വന്നുപോകുന്ന സ്ഥലമാണിത്. ചില്ല് വീണ സമയത്ത് പ്രദേശത്ത് ആരും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. 13 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തുവെങ്കിലും തുറന്ന് പ്രവർത്തിച്ചിട്ടില്ല. ഇതിനിടയിലാണ് ജനൽ ചില്ല് ഊരി വീണുകൊണ്ടിരിക്കുന്നത്.