collector
കളക്ടർ എസ്. ഷാനവാസ്

തൃശൂർ: മുള്ളൂർക്കര ക്വാറിയിൽ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കളക്ടർ ഇന്ന് സർക്കാരിന് പ്രാഥമിക റിപ്പോർട്ട് കൈമാറും. ഇന്നലെ തലപ്പിള്ളി തഹസിൽദാർ റിപ്പോർട്ട് കളക്ടർക്ക് നൽകിയിരുന്നു. ഫോറൻസിക് പരിശോധനാ റിപ്പോർട്ട് കൂടി ഉൾക്കൊള്ളിച്ചായിരിക്കും പ്രാഥമിക റിപ്പോർട്ട് നൽകുക.

തോട്ട പൊട്ടിയതാണ് അപകടത്തിനു കാരണമെന്നാണ് പൊലീസിൽ നിന്നും തഹസിദാർക്ക് ലഭിച്ച റിപ്പോർട്ട്. അതേ സമയം നേരത്തെ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണോ പൊട്ടിത്തെറിച്ചതെന്നത് സംബന്ധിച്ചു ഫോറൻസിക് റിപ്പോർട്ട് പരിശോധിച്ചാൽ മാത്രമേ വ്യക്തമാകുവെന്നും തഹസിൽദാറുടെ റിപ്പോർട്ടിൽ ചുണ്ടിക്കാണിച്ചിട്ടുണ്ട്.

പ്രാദേശത്തെ വീടുകളുടെ നാശനഷ്ടം സംബന്ധിച്ചു വിശദമായ റിപ്പോർട്ട് അടുത്ത ദിവസം നൽകും. സംഭവം നടന്നയുടൻ ആർ.ഡി.ഒ: എൻ.കെ. കൃപയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതിനിടെ സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. രമ്യ ഹരിദാസ് എം.പി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ എന്നിവർ സ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു.

വിശദമായി അന്വേഷണം നടത്താൻ ആവശ്യപെട്ടിട്ടുണ്ട്. ഇതുവരെ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.

- എസ്. ഷാനവാസ്, കളക്ടർ