teak

തൃശൂർ : നിയമപരമായ വഴിയിലൂടെ സ്വന്തം പട്ടയഭൂമിയിൽ നിന്ന് മരം മുറിച്ച സാധാരണക്കാർക്കെതിരെ കേസെടുത്ത് വനംവകുപ്പ്. 85 വയസുള്ള വൃദ്ധർക്കെതിരെ പോലും വനം വകുപ്പ് അധികൃതരെത്തി കേസെടുക്കുകയും മുറിച്ച തേക്കുകളുടെ കുറ്റികൾ അടയാളപ്പെടുത്തുകയും ചെയ്തു.

വനം കൊള്ളക്കാർ കാട് കയറി തേക്ക്, ഈട്ടി എന്നിവ മുറിച്ച് കടത്തിയതിന് നിയമപരമായി മരം മുറിച്ച നിരവധി പേരാണ് കോടതി കയറേണ്ട അവസ്ഥ വന്നത്. മരം മുറിക്കാൻ ഉത്തരവ് നൽകുകയും പിന്നീട് റദ്ദ് ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന വാദമാണ് വനം വകുപ്പ് അധികൃതർ ഉയർത്തിയത്. റദ്ദ് ചെയ്ത തിയതിക്ക് മുമ്പ് മരം മുറിക്കാൻ അനുമതി ലഭിച്ചവർക്കെതിരെയാണ് കേസ് എടുത്തത്.

എന്നാൽ മരം കൊള്ളയ്ക്ക് നേതൃത്വം നൽകിയവരെയും ഇടനിലക്കാരെയും തൊടാതെ സാധാരണക്കാരിൽ ഇത് കെട്ടിവെയ്ക്കാനുളള നീക്കമാണ് നടക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം മച്ചാട് റേഞ്ചിൽപെട്ട വിരോലിപ്പാടം , ഊരോക്കാട് മേഖലയിൽ മാത്രം 15 പേർക്കെതിരെയാണ് കേസ് എടുത്തത്. പ്രകൃതി ക്ഷോഭത്തിൽ വീണ മരം ദ്രവിക്കുകയും പാസ് വാങ്ങിയ ശേഷം മാത്രം മുറിച്ചെടുക്കുകയും ചെയ്തവർക്കെതിരെ പോലും കേസുണ്ട്.

അന്വേഷണം ഇഴയുന്നു

മരം മുറിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയോഗിച്ച അന്വേഷണത്തിന് പുറമേ വനം വകുപ്പിന്റെ വിജിലൻസ് സംഘവും അന്വേഷണം നടത്തുന്നുണ്ടെങ്കിലും പട്ടയ ഭൂമി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. വനം കൊള്ളയുടെ ആഴം കണ്ടെത്താൻ കാട്ടിൽ കാര്യമായ പരിശോധന നടത്താൻ ഇതുവരെയും തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എളനാട് ഭാഗത്തെ വനത്തിനുള്ളിൽ രണ്ട് തേക്കുകൾ മുറിച്ചിട്ട് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ കൂടുതൽ മരം വെട്ടിയ വിവരം പുറത്ത് വരുന്നുണ്ട്. അകമല, മച്ചാട് മേഖലകളിലും കൂടുതൽ മരം മുറിച്ചതായി പരാതിയുണ്ടെങ്കിലും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

പട്ടയ ഭൂമിയിൽ നിന്ന് മുറിച്ചെടുത്ത മരങ്ങൾ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടാണ് നിലവിൽ ജില്ലയുടെ പല ഭാഗങ്ങളിലും കേസെടുത്തത്. ഇത് സംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കേണ്ടത് റവന്യൂ വകുപ്പാണ്. വനം വകുപ്പിന്റെ റിപ്പോർട്ട് അവർക്ക് കൈമാറും

ഡി.എഫ്.ഒ
തൃശൂർ