വലപ്പാട്: ഓൺലൈൻ സൗകര്യമില്ലാതിരുന്ന ശ്രീബാലയ്ക്ക് സ്‌നേഹത്തണൽ ട്രസ്റ്റ് സ്‌നേഹ സമ്മാനമായി മൊബൈൽ ഫോൺ നൽകി. വലപ്പാട് ജി.ഡി.എം.എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരിയായ കൊച്ചു മിടുക്കി ശ്രീബാലയ്ക്കാണ് സ്‌നേഹ സമ്മാനമെത്തിയത്. വീടിന്റെ ചുമരുകളെല്ലാം വരകളും വർണങ്ങളും കൊണ്ട് നിറച്ച ശ്രീബാലയ്ക്ക് ഓൺലൈൻ ക്ലാസ് കാണുവാനും പഠന പ്രവർത്തനങ്ങൾ ചെയ്ത് അദ്ധ്യാപികയ്ക്ക് അയച്ചു കൊടുക്കുവാനും മൊബൈൽ ഫോൺ ഇല്ലായിരുന്നു.
അയൽ വീട്ടിലെ ടി.വിയാണ് ക്ലാസ് കാണാനുള്ള ഏക ആശ്രയം. അമ്മയുടെ കൂട്ടുകാരിയുടെ മൊബൈലിലാണ് പ്രവർത്തനങ്ങൾ ചെയ്തും ചിത്രങ്ങൾ വരച്ചും വിദ്യാലയ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ അമ്മയുടെ സുഹൃത്ത് സ്ഥലം മാറി പോയതോടെ ശ്രീബാലയുടെ പഠനം പ്രതിസന്ധിയിലായി. തൊട്ടടുത്ത വിദ്യാലയത്തിൽ നിന്നും ഈ അദ്ധ്യായന വർഷമാണ് ശ്രീബാല ജി.ഡി.എം.എൽ.പി സ്‌കൂളിലെത്തിയത്. ശ്രീബാലയുടെ അച്ഛൻ ബിനീഷിന് നാളികേരക്കളത്തിലാണ് ജോലി. ലോക്ഡൗണിനെ തുടർന്ന് കളത്തിലെ പതിവ് ജോലി നിലച്ചതോടെ ജീവിതം പ്രയാസത്തിലായി.
ശ്രീബാലയുടെ പഠനത്തിന്റെ തടസങ്ങൾ സ്‌കൂൾ പ്രധാന അദ്ധ്യാപകൻ സി.കെ ബിജോയ് സ്‌നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എം.എ സലീമിനെ അറിയിച്ചതിനെ തുടർന്നാണ് ട്രസ്റ്റ് ഭാരവാഹികൾ വീട്ടിലെത്തി മൊബൈൽ കൈമാറിയത്. ട്രസ്റ്റ് വൈസ് പ്രസിഡന്റ് വസന്ത ദേവലാൽ അദ്ധ്യക്ഷയായി. പ്രസിഡന്റ് വി.സി അബ്ദുൾ ഗഫൂർ, ജനൽ സെകട്ടറി എം.എ സലിം, ജോ. സെകട്ടറി രാജൻ പട്ടാട്ട്, ഷൺമുഖ രാജ് മാസ്റ്റർ, സുനിൽകുമാർ ഉള്ളാട്ടിൽ എന്നിവർ സംസാരിച്ചു.