അന്തിക്കാട്: കുടിവെള്ള പദ്ധതിക്ക് പൈപ്പിടുന്നതിനായി എടുത്ത കുഴി ആറ് മാസം കഴിഞ്ഞിട്ടും അടയ്ക്കാതെ വാട്ടർ അതോറിറ്റി അധികൃതർ യാത്രക്കാരെ വലക്കുന്നതായി പരാതി. കരുവന്നൂർ പുഴയിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് ചാഴൂർ, താന്ന്യം, അന്തിക്കാട് എന്നീ പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുന്ന പദ്ധതിക്കാണ് അധികൃതർ റോഡ് കുറുകെ മുറിച്ച് കുഴിയെടുത്തത്. പദ്ധതിക്കായി കിഫ്ബിയിൽ നിന്നാണ് ഫണ്ട് വകയിരുത്തിയത്. പൈപ്പ് ഇടുന്നതിനായി റോഡ് പൊളിച്ചിട്ട് ആറ് മാസം കഴിഞ്ഞു. ദിനംപ്രതി നിരവധി പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. കുഴികളിൽ മഴ വെള്ളം നിറഞ്ഞ് യാത്രക്കാർ അപകട കെണിയിൽപ്പെടുന്നത് സ്ഥിരം കാഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു.
കൂടാതെ നിരവധി രോഗികളെത്തുന്ന അന്തിക്കാട് സർക്കാർ ആശുപത്രി റോഡിലെ അര കിലോമീറ്റർ ദൂരം ഇനിയും സഞ്ചാരയോഗ്യമാക്കിയിട്ടില്ല. പ്രവൃത്തിയിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിലവിൽ ഇട്ട പൈപ്പ് കരുവന്നൂർ പുഴയിൽ നിന്നുള്ള വെള്ളം അന്തിക്കാട്ടെ വാട്ടർ ടാങ്കിൽ എത്തിക്കാനുള്ളതാണെന്നും, വാട്ടർ ടാങ്കിൽ നിന്നുള്ള വെള്ളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി ചെറിയ പൈപ്പിടാൻ നിലവിൽ പൊളിച്ച് മൂടിയ റോഡ് വീണ്ടും പൊളിക്കേണ്ടി വരുമെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.