തൃപ്രയാർ: തെരുവുകളിൽ കഴിയുന്ന നായാടി കുടുംബങ്ങൾക്ക് പതിനൊന്നിനം വസ്തുക്കൾ അടങ്ങുന്ന ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ അംഗം മഞ്ചുള അരുണൻ.
മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഭക്ഷ്യ കിറ്റ് നൽകിയത്. തൃപ്രയാർ, വലപ്പാട് ബീച്ച്, ആനവിഴുങ്ങി, എടമുട്ടം എന്നിവിടങ്ങളിലെ റോഡരികിൽ കുടിൽ കെട്ടി താമസിക്കുന്നവർക്കും, ചെന്ത്രാപ്പിന്നിയിൽ വാടക വീടുകളിൽ താമസിക്കുന്ന നായാടി വിഭാഗത്തിലുള്ള കുടുംബങ്ങൾക്കുമാണ് ഭക്ഷ്യ കിറ്റ് നൽകിയത്.
നാല് വർഷം മുമ്പ് ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എയുടെയും, എടത്തിരുത്തി പഞ്ചായത്തിന്റെയും ഇടപെടലിലൂടെ അമ്പതോളം പേർക്ക് ആധാർ കാർഡും, റേഷൻ കാർഡും നൽകിയിരുന്നു. പല സ്ഥലങ്ങളിൽ നിന്നായി അതിനു ശേഷം എത്തിയ ഇരുപതോളം കുടുംബങ്ങൾ റോഡരികിലും മറ്റുമായി കുടിൽ കെട്ടിയാണ് കഴിയുന്നത്. ലോക്ഡൗൺ വന്നതോടെ പട്ടിണിയിലായ ഇവർക്ക് താത്കാലിക ആശ്വാസമായാണ് ഭക്ഷ്യ കിറ്റ് നൽകിയത്. വാടക നൽകാൻ പ്രയാസപ്പെട്ടിരുന്ന അഞ്ച് കുടുംബങ്ങൾക്ക് മജ്ഞുള അരുണൻ ധന സഹായവും നൽകി. തെരുവിൽ കഴിയുന്നവരുടെ ഉന്നമനത്തിനായി കഴിയാവുന്നതെല്ലാം ചെയ്യുമെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.
സാമൂഹിക പ്രവർത്തകരായ ഷെമീർ എളേടത്ത്, സുബിരാജ് കെ.എസ്, മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ സനോജ് ഹെർബട്ട്, സി.ഇ.ഒ ജോർജ് ഡി. ദാസ്, ചീഫ് മാനേജർ ശിൽപ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.