ഒല്ലൂർ: പുത്തൂർ പഞ്ചായത്തിലെ മരോട്ടിച്ചാൽ പുളിഞ്ചോട് റോഡിന്റെ നിർമാണം ജൂലായ് എട്ടിന് ആരംഭിക്കാൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ. മന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായി നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനമായത്. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി 50 ലക്ഷം രൂപയാണ് ഈ റോഡ് നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്. ഒന്നര കിലോമീറ്റർ നീളമുള്ള റോഡിന്റെ 180 മീറ്റർ കോൺക്രീറ്റും ബാക്കി ടാറിംഗും ആയാണ് നിർമ്മിക്കുന്നത്.
യോഗത്തിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഡ്വ. ജോസഫ് ടാജറ്റ്, കെ.വി. സജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ബാബു, മിനി സാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, പഞ്ചായത്ത് അംഗം പി.ബി. സുരേന്ദ്രൻ, പി.കെ. ശ്രീനിവാസൻ, ഉദ്യോഗസ്ഥരായ ജോജി പോൾ, ദീപ്തി, രതീഷ് തുടങ്ങിയവർ പങ്കെടുത്തു.