തൃശൂർ: മുള്ളൂർക്കര വാഴക്കോട്ട് പ്രദേശത്തെ ക്വാറിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ സി.പി.എമ്മാണെന്ന നിലയിൽ കോൺഗ്രസ് - ബി.ജെ.പി സംഘം നടത്തുന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്. സി.പി.എമ്മിന് സംഭവവുമായി ഒരു ബന്ധവുമില്ല. പാറമട പ്രവർത്തിക്കുന്നത് സി.പി.എം നേതാവിന്റെ പേരിലാണെന്ന പ്രചാരണവും കളവാണ്. പാറമടയിലുണ്ടായ സ്‌ഫോടനത്തെ സി.പി.എമ്മിന് നേരെ തിരിച്ചുവിടുന്നത് കേവലം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ്. ഒരു വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന ക്വാറിയാണിത്. ഈ ക്വാറിക്ക് ലൈസൻസ് ലഭിക്കാൻ സി.പി.എം ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്തുകയോ ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. സ്‌ഫോടനത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എം.എം വർഗീസ് വ്യക്തമാക്കി.