ചേർപ്പ് : ഒരു കാലത്ത് പീടികമുറികൾ അടയ്ക്കാൻ സംരക്ഷണ കവചമായിരുന്ന മരത്താഴുകൾ ചേർപ്പ് മേഖലയിൽ അപൂർവ കാഴ്ചയാകുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും മരപ്പലകൾ കൊണ്ട് പീടികകൾ അടച്ചിരുന്ന കാലത്തിന് മാറ്റം വരുത്താതെ തുടരുകയാണ് മേഖലയിലെ വ്യാപാരികൾ.
ചേർപ്പ് സെന്റർ, ചന്ത, ഊരകം പടിഞ്ഞാട്ടുമുറി എന്നിവിടങ്ങളിലെ പഴയകാല കടകളിലാണ് മരപ്പലക താഴുകൾ നിലനിൽക്കുന്നത്. പലരും ഇരുമ്പ് ഷട്ടറുകളിലേക്ക് കാലത്തിനൊപ്പം മാറ്റം വരുത്തിയപ്പോൾ ചേർപ്പ് സെന്ററിലെ വിവിധ ഹാർഡ് വെയർ, ഇലക്ട്രിക്കൽ, പച്ചക്കറി പലചരക്ക് കടകളിലെ മരപ്പലക ഷട്ടറുകൾ ഇക്കാലത്തും നിലനിൽക്കുന്നു. ഒന്ന് മുതലുള്ള അക്കങ്ങളും ഓരോ മരപ്പലകകൾക്ക് നടുവിൽ എഴുതിയിട്ടുണ്ട്. ഇവ ക്രമ പ്രകാരം കൂട്ടിയിണക്കിയാണ് കടകൾ പൂട്ടുന്നത്. ഇരുമ്പ് ദണ്ഡും , കുളത്തും പൂട്ടുമാണ് ഇവയ്ക്ക് ഉപയോഗിക്കുന്നത്.