കൊടുങ്ങല്ലൂർ: പൊലീസിന്റെ വാഹന പരിശോധനാ നടപടികൾ കൂടുതൽ സുഗമമാക്കുന്ന ഇ- ചലാൻ പദ്ധതി കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. സമഗ്രമായ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സംവിധാനമാണ് ഇ- ചലാൻ. ഇതുവഴി കേസ് വിവരങ്ങൾ ഔദ്യോഗിക സെർവറിൽ രേഖപ്പെടുത്തും.
ഒരോ നിയമ ലംഘനത്തിന്റെയും വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാകും. ഗതാഗത നിയമ ലംഘനത്തിന് പിടിയിലാകുന്നവർക്ക് അവിടെ വച്ച്തന്നെ ഓൺലൈനായി പണമടക്കാം. പണമടക്കാൻ ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാം. പണമില്ലെങ്കിൽ പിന്നീട് അടയ്ക്കാനും സൗകര്യമുണ്ട്. പിഴയടക്കുന്നവർക്കുള്ള രസീതിയും തത്സമയം ലഭിക്കും.
വാഹനത്തിന്റെ നമ്പർ നൽകിയാൽ ഇൻഷ്വറൻസ്, ടാക്‌സ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ഉടനടി ലഭിക്കും. ഇ- ചലാനിൽ ഒരു തവണ പിഴയടച്ചാൽ അത് സെർവറിൽ സൂക്ഷിച്ചു വയ്ക്കും. ഡിവൈ.എസ്.പി: പ്രേമൻ, സർക്കിൾ ഇൻസ്‌പെക്ടർ സോണി മത്തായി, എസ്.ഐ: മുഹമ്മദ് റഫീക്ക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദ്യ പരിശോധന.