krishnadas

തൃശൂർ : വടക്കാഞ്ചേരി മുള്ളൂർക്കരയിലെ ക്വാറിയിൽ നടന്ന സ്‌ഫോടനത്തിന് പിന്നിലെ തീവ്രവാദ സംഘടനകളുടെ ബന്ധം അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബോംബ് നിർമ്മിക്കാനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന സംശയം ഫോറൻസിക് ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നുണ്ട്. സ്‌ഫോടനത്തിൽ പരിക്കേറ്റ പലരും ചികിത്സ തേടിയിട്ടില്ലെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. രാത്രി സമയത്ത് ഇരുപത്തഞ്ചോളം പേർ എന്തു ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തണം. എസ്.ഡി.പി.ഐക്ക് പങ്കുള്ളതുകൊണ്ടാണ് സി.പി.എമ്മും സർക്കാരും പ്രതികരിക്കാത്തത്. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ. രാധാകൃഷ്ണൻ സംഭവസ്ഥലം സന്ദർശിക്കാൻ പോലും തയ്യാറായിട്ടില്ലെന്നും കൃഷ്ണദാസ് ആരോപിച്ചു. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ, തൃശൂർ ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ, ജനറൽ സെക്രട്ടറി കെ.ആർ.ഹരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.