തൃശൂർ: മാസ്റ്റർ പ്ലാനിന് കോർപറേഷൻ അന്തിമാനുമതി നൽകിയിട്ടില്ലെന്ന് പ്രതിപക്ഷം ഓൺലൈൻ കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാട്ടി. സർക്കാർ വിജ്ഞാപനം ചെയ്ത മാസ്റ്റർപ്ലാൻ നിയമവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു.

അതേസമയം മാസ്റ്റർപ്ലാൻ ജനകീയ ചർച്ചയ്ക്ക് വിധേയമാക്കുമെന്ന് മേയർ എം.കെ. വർഗീസ് വിശദീകരിച്ചു. കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്ത് അംഗീകാരം നേടാതെയാണ് മാസ്റ്റർ പ്ലാൻ വിജ്ഞാപനമെന്ന് പ്രതിപക്ഷം ആരോപിച്ചു.

നിയമാനുസൃതമല്ലാത്ത മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ഭൂവിനിയോഗ അനുമതിയും കെട്ടിടനിർമാണ അനുമതികളും നൽകരുത്. കെട്ടിട നിർമാണ ലോബിയെ സഹായിക്കാൻ കോടികളുടെ അഴിമതിയാണ് നടന്നതെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മാസ്റ്റർപ്ലാൻ വിഷയത്തിൽ സമരത്തിനിറങ്ങുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.
മാസ്റ്റർ പ്ലാൻ സംബന്ധിച്ച രേഖകളിൽ ചർച്ച ആവശ്യപ്പെട്ട് പ്രത്യേക കൗൺസിൽ യോഗം വിളിക്കാൻ പ്രതിപക്ഷം നേരത്തെ കത്ത് നൽകിയിരുന്നുവെങ്കിലും അത് തള്ളിയിരുന്നു. ചട്ടമനുസരിച്ച് കൗൺസിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് അംഗീകാരം നൽകാനേ സർക്കാരിന് അധികാരമുള്ളൂ. തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ അതു നൽകേണ്ട ബാദ്ധ്യത കോർപ്പറേഷനാണ്. ഫലത്തിൽ മാസ്റ്റർ പ്ലാനിന് നിയമപരിരക്ഷയില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷം നൽകിയ കത്ത് തള്ളിയ നടപടി ഒളിച്ചോട്ടമാണെന്ന് ജോൺ ഡാനിയൽ കുറ്റപ്പെടുത്തി. വിഷയം ചർച്ച ചെയ്യുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ടുപോകും. ഓഫീസിനു മുൻവശത്തെ കെട്ടിടം പൊളിച്ച നടപടി ഏകപക്ഷീയമാണ്. ടെൻഡർ പോലും വിളിക്കാതെയാണ് പൊളിച്ചത്. സർക്കാരിനു ഇക്കാര്യത്തിൽ പരാതി നൽകിയതായും ജോൺ അറിയിച്ചു. പൊതുടാപ്പുകൾ നീക്കാനുള്ള നടപടി ശരിയല്ലെന്നും വ്യക്തമാക്കി.
ശക്തൻ നഗർ കോർപറേഷൻ കംഫർട്ട് സ്റ്റേഷൻ പ്രതിദിനം 300 രൂപയ്ക്ക് വാടകക്ക് നൽകാനുള്ള അജണ്ട തള്ളി. പകരം റീടെൻഡറിന് തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളുയർന്നതിനെ തുടർന്നാണ് തീരുമാനം. ശക്തൻ നഗർ ഉൾപ്പെടുന്ന ഇരട്ടച്ചിറ ചെട്ടിയങ്ങാടി വിശദ നഗരാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട രണ്ട് വിഷയങ്ങൾ അജണ്ടയിൽ ഉണ്ടായിരുന്നുവെങ്കിലും പ്രതിപക്ഷ ആവശ്യത്തെ തുടർന്ന് മാറ്റി. പബ്ലിക് ലൈബ്രറിയുടെ വികസനത്തിന് ആവശ്യമായ രൂപരേഖയുണ്ടാക്കാൻ തീരുമാനിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, ഷീബ ബാബു, സാറാമ്മ റോബ്‌സൺ, എൻ.എ. ഗോപകുമാർ, ലാലി ജയിംസ്, പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനിൽരാജ് എന്നിവർ പങ്കെടുത്തു.