മാള: എം.എൽ.എ കൂടി പങ്കെടുത്ത പരിപാടിക്കിടെ, പുത്തൻചിറ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി യോഗത്തിൽ ഭൂരിപക്ഷത്തിനായി സി.പി.ഐ അംഗത്തിന്റെ ഫോൺ ദുരുപയോഗം ചെയ്തെന്ന് പരാതി. സി.പി.ഐ പ്രതിനിധിയായ ടി.എൻ വേണു സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വെള്ളൂരിലെ കയർ വ്യവസായ സഹകരണ സംഘത്തിന്റെ ഓഫീസിൽ കണ്ടാലറിയാവുന്നയാൾ അനുമതിയില്ലാതെ കയറിയാണ് ഫോൺ ദുരുപയോഗം ചെയ്ത് ഓൺലൈൻ ഭരണസമിതി യോഗത്തിൽ പങ്കെടുത്തത്. എൽ.ഡി.എഫാണ് ബാങ്ക് ഭരിക്കുന്നത്.
ഈ സംഭവത്തോടെ പുത്തൻചിറയിൽ വീണ്ടും സി.പി.എമ്മും സി.പി.ഐ.യും കൊമ്പുകോർക്കുന്ന അവസ്ഥയായി.
ഫോൺ അനുവാദമില്ലാതെ എടുത്ത് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് മാള പൊലീസിൽ വേണു പരാതി നൽകി. മുൻകൂട്ടി അറിയിക്കാതെയുള്ള യോഗത്തിൽ സി.പി.ഐ അംഗങ്ങൾ പങ്കെടുത്തിരുന്നില്ല. ടി.എൻ വേണു ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തുവെന്ന് വരുത്താനും ഭൂരിപക്ഷം ഉറപ്പാക്കാനുമാണ് ഈ തരത്തിൽ ദുരുപയോഗം ചെയ്തതെന്നാണ് പരാതി. ഇക്കാര്യത്തിൽ ബാങ്ക് സെക്രട്ടറിക്കും പരാതി നൽകി. എൽ.ഡി.എഫ് കൂടുന്നില്ലെന്നും പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും സി.പി.ഐ ലോക്കൽ കമ്മിറ്റി ആരോപിക്കുന്നു.
വർഷങ്ങളായി പുത്തൻചിറയിൽ സി.പി.എമ്മും സി.പി.ഐയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ബാങ്ക് ഭരണസമിതിയിൽ ആകെയുള്ള 12 അംഗങ്ങളിൽ സി.പി.എമ്മിലെ ആറും സി.പി.ഐ.യിലെ മൂന്നും എൻ.സി.പി.യിലെ രണ്ടും കോൺഗ്രസിലെ ഒരു അംഗവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ സി.പി.എമ്മിലെയും എൻ.സി.പിയിലെയും ഒരംഗം വീതം മരിക്കുകയും ഒരംഗം അസുഖ ബാധിതനായും കഴിയുകയാണ്. അസുഖ ബാധിതനായ ആൾക്ക് ഓൺലൈൻ യോഗത്തിൽ പങ്കെടുക്കാൻ കഴിയുമെന്നതിനാൽ ആറ് അംഗങ്ങൾ മാത്രമേ ഉണ്ടാകൂ. ഭൂരിപക്ഷം വേണമെങ്കിൽ ഏഴ് അംഗങ്ങൾ വേണമെന്നിരിക്കെയാണ് ഫോൺ ദുരുപയോഗം ചെയ്ത് ഭൂരിപക്ഷം സൃഷ്ടിച്ചെടുത്തതെന്നാണ് സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.പി വിദ്യാധരന്റെ വാർത്താക്കുറിപ്പിലൂടെയുള്ള ആരോപണം.