ചാലക്കുടി: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് അയവ് വരുത്തിയതോടെ നിരത്തിൽ വാഹനങ്ങളുടെ തിക്കും തിരക്കും. ചാലക്കുടിപ്പുഴയിൽ നിന്നും കയറ്റിയ കണ്ടെയ്‌നർ ലോറി ഇനിയും നീക്കം ചെയ്തിട്ടില്ല. ആശങ്കയ്ക്ക് ഇടവരുത്തുന്നതാണ് മുരിങ്ങൂരിൽ റോഡരികിലുള്ള ലോറിയുടെ കിടപ്പ്.

മാസങ്ങൾ നീണ്ട നിയമ പ്രശ്‌നങ്ങൾക്ക് ശേഷം മേയ് 14നാണ് വെള്ളത്തിൽ നിന്നും കണ്ടെയ്‌നർ ലോറി കയറ്റിയത്. 2020 ഡിസംബർ മൂന്നിന് ദേശീയ പാതയിലെ ചാലക്കുടി പാലത്തിൽ വച്ച് നിയന്ത്രണം തെറ്റി പുഴയിലേക്ക് മറിഞ്ഞതായിരുന്നു ലോറി.

ഉത്തരേന്ത്യക്കാരനായ ഉടമയ്ക്ക് ആവശ്യമില്ലാത്ത ലോറി ലേലം ചെയ്യുമെന്നാണ് കളക്ടറുടെ അറിയിപ്പ്. നടപടിക്രമം പുരോഗമിക്കുകയാണ്. എന്നാൽ റോഡിലെ തിരക്കേറിയതാണ് ഇപ്പോഴത്തെ ആശങ്ക. ലോറി നിറുത്തിയിടത്ത് വളവും വീതിക്കുറവുമുണ്ട്. മുൻ കാലങ്ങളിൽ രാത്രിയിൽ ഇവിടെ അപകടങ്ങൾ പതിവായിരുന്നു.

അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങളിൽ നിയന്ത്രണം തെറ്റി മറ്റ് വണ്ടുകൾ ഇടിച്ച് അപകടത്തിൽപ്പെടുന്നതായിരുന്നു കൂടുതലും. ഇതാണ് പന്തിയല്ലാത്ത കണ്ടെയ്‌നറിന്റെ കിടപ്പ് അപകടക്കെണിയാകുമെന്ന് ആശങ്കയ്ക്ക് വഴി വയ്ക്കുന്നത്.