തൃശൂർ : കൊവിഡ് മൂന്നാം തരംഗ സാദ്ധ്യത കണക്കിലെടുത്ത് വിവിധ പദ്ധതികളുമായി അന്നമനട ഗ്രാമ പഞ്ചായത്ത്. മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതൽ ബാധിക്കുകയെന്ന നിർദ്ദേശം ഗൗരവത്തോടെ കണ്ട് വേണ്ട മുന്നൊരുക്കങ്ങൾക്ക് തയ്യാറെടുക്കുകയാണെന്ന് പ്രസിഡന്റ് പി വി വിനോദ് പറഞ്ഞു. പ്രസിഡന്റ് ചെയർമാനും മെഡിക്കൽ ഓഫീസർ നോഡൽ ഓഫീസറുമായ പഞ്ചായത്ത് തല സമിതി ഇതിനോടകം രൂപീകരിച്ചു. ഐ സി ഡി എസ് സൂപ്പർ വൈസറാണ് സമിതിയുടെ കൺവീനർ. വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷൻമാർ സി ഡി എസ് ചെയർപെഴ്‌സൺ, അധ്യാപകർ, കൊരട്ടി, മാള പൊലീസ് സ്റ്റേഷൻ സി.ഐ എന്നിവരടങ്ങുന്നതാണ് പഞ്ചായത്ത് സമിതി.
പഞ്ചായത്ത് സമിതിയുടെ പ്രവർത്തനങ്ങൾ
ലഘുലേഖകളുടെ വിതരണം, സോഷ്യൽ മീഡിയയിലൂടെയുള്ള സന്ദേശങ്ങൾ കൈമാറൽ, പൊതുചടങ്ങുകൾ നിയന്ത്രിക്കുക, ജനസാന്ദ്രതക്കനുസരിച്ച് വിവിധ സോണുകളായി തിരിച്ച് പ്രത്യേക ശ്രദ്ധ കൊടുക്കുക, പ്രത്യേക സോണുകളിൽ അണു നശീകരണം സാനിറ്റേഷൻ സൗകര്യം ഉറപ്പുവരുത്തുക, പൊതു കളിസ്ഥലങ്ങൾ നിയന്ത്രിക്കുക, അധ്യാപകരിലൂടെ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകുക, കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പുവരുത്തുക, കുട്ടികളിലെ വളർച്ചാ നിരക്ക് പോഷകാഹാരക്കുറവ് എന്നിവ പരിശോധിക്കുക, വീടുകൾ തോറും (പോഷകാഹാര) പച്ചക്കറിത്തോട്ടം ആരംഭിക്കുക, പൊതു നിരത്തിൽ അനാവശ്യമായി കറങ്ങുന്ന മുതിർന്ന പൗരൻമാരെയും കുട്ടികളെയും ബോധവൽക്കരിക്കുന്നതിന് അന്നമനട സെന്ററിൽ പ്രത്യേക വളണ്ടിയർമാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് പഞ്ചായത്ത് സമിതിയുടെ പ്രവർത്തനങ്ങൾ.
വിവിധ ക്ലാസ്റ്ററുകൾ
അൻപത് വീടുകൾ അടങ്ങുന്ന ഒരു ഗ്രൂപ്പിനെ ഒരു ക്ലസ്റ്ററായി പരിഗണിക്കുന്നു. ഇവിടത്തെ കാര്യങ്ങളുടെ ശരിയായ നടത്തിപ്പിന് ക്ലസ്റ്റർ തല കമ്മറ്റികൾ ഉണ്ടായിരിക്കും. വാർഡ് മെമ്പർ ആശാവർക്കർ എ ഡി എസ് മെമ്പർ എന്നിവരുടെ നേതൃത്വത്തിളുള്ള പ്രവർത്തനം. ആരോഗ്യ വളണ്ടിയർ ആർ. ആർ.ടി അംഗങ്ങൾ എന്നിവരുടെ സഹായം ഉറപ്പ് വരുത്തും. ഓരോ ക്ലസ്റ്ററിന് കീഴിലുള്ള 50 വീടുകളിലെ കുട്ടികളുടെ ആരോഗ്യത്തെ സംബന്ധിച്ച് ദിവസേന നിരീക്ഷിക്കുന്നു.
കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഹെൽത്ത് കാർഡ് സംവിധാനം ഏർപ്പെടുത്തും. കുട്ടികൾക്ക് പുറത്ത് നിന്നുള്ളവരിൽ നിന്ന് സമ്പർക്കം ഇല്ലെന്ന് ഉറപ്പു വരുത്തുന്നതിനുള്ള നിർദേശങ്ങൾ നൽകുക, കുട്ടികളെയും കൊണ്ട് യാത്രകൾ ചെയ്യുന്നില്ലയെന്ന് ഉറപ്പ് വരുത്തുക, മറ്റ് ജില്ലയിലോ മറുനാടുകളിലോ ജോലി ചെയ്യുന്ന രക്ഷിതാക്കളുടെ കുട്ടികളെ പ്രത്യേകം നിരീക്ഷിക്കുക, കൂട്ടം കൂടിയുള്ള കുട്ടികളുടെ കളികൾ പരമാവധി ഒഴിവാക്കുക, പൊതുചടങ്ങുകളിൽ നിന്ന് കുട്ടികളുമായി മുതിർന്നവർ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക, ലക്ഷണങ്ങളുള്ള കുട്ടികളെ പെട്ടെന്ന് കൊവിഡ് ടെസ്റ്റിന് വിധേയമാക്കുക, ഭിന്നശേഷിക്കാർ പ്രതിരോധ ശേഷി കുറഞ്ഞവർ. മറ്റുരോഗബാധിതരായ കുട്ടികൾ എന്നിവർക്ക് പ്രത്യേക ശ്രദ്ധയും നിരീക്ഷണവും നൽകുക എന്നിവയാണ് ക്ലാസ്റ്റർ തല സമിതികളുടെ ചുമതല.
പീഡിയാട്രീഷ്യന്റെ സേവനം
പഞ്ചായത്ത് പരിധിയിൽ കുട്ടികൾക്കായി ചൈൽഡ് ക്ലിനിക് ആരംഭിക്കും. കുട്ടികളിലെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് പീഡിയാട്രീഷ്യന്റെ സേവനം ഉറപ്പ് വരുത്തും. കൊവിഡ് ലക്ഷണങ്ങളുള്ള കുട്ടികളെ ടെസ്റ്റ് നടത്തുക, കൊവിഡ് പോസിറ്റീവാകുന്ന കുട്ടികൾക്ക് ചികിത്സ നൽകുക എന്നീ സേവനങ്ങളാണ് പ്രധാനമായും ചൈൽഡ് ക്ലിനിക്കിലൂടെ നൽകുക. കുട്ടികളുടെ മാനസികാരോഗ്യം വിലയിരുത്തുന്നതിന് കൗൺസിലിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.