തൃശൂർ: സി.പി.ഐയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ സ്രോതസ് കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിക്കണമെന്ന് ടി.എൻ പ്രതാപൻ എം.പി ആവശ്യപ്പെട്ടു. മരം വെട്ടി കൊള്ളയിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃശൂരിലാണ് ഏറ്റവും കൂടുതൽ മരംവെട്ടി കൊള്ള നടന്നതെന്നും കേരളത്തിൽ നടന്ന കോടികളുടെ വനംകൊള്ളയിൽ സി.പി.ഐക്കാരായ മുൻ വനം, റവന്യൂ മന്ത്രിമാരുടെ പങ്ക് കൃത്യമായി അന്വേഷിച്ചാൽ തെളിയുമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ കൺവീനർ കെ.ആർ ഗിരിജൻ, ഡി.സി.സി വൈസ്പ്രസിഡന്റ് ഐ.പി പോൾ, കേരള കോൺഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് സി.വി കുര്യാക്കോസ്, യു.ഡി.എഫ് തൃശൂർ നിയോജകമണ്ഡലം കൺവീനർ രവി ജോസ് താണിക്കൽ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി എം.എ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.