harber
അഴീക്കോട് ഹാർബർ

കൊടുങ്ങലൂർ: 45 ദിവസത്തെ നീണ്ട അടച്ചിടലിന് വിരാമമിട്ട് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ തീരദേശം ഉണർന്നു. വറുതിയുടേയും കൊവിഡിന്റെയും പിടിയിലമർന്ന തീരദേശം കടൽ ക്ഷോഭത്തിന്റെ ആഘാതവും കഴിഞ്ഞ് തിങ്കളാഴ്ച മുതൽ അഴീക്കോട് മാർക്കറ്റും ഹാർബറും പ്രവർത്തനക്ഷമമായതോടെ സാധാരണ നിലയിലേക്കാവുകയാണ്. ട്രോളിംഗ് നിരോധനം ആണെങ്കിലും ഇനിയുള്ള ഒരു മാസക്കാലം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സമയമാണ്. പ്രതിക്ഷക്കൊത്ത വരുമാമില്ലെങ്കിലും ചെറുതായി എന്തെങ്കിലുമൊക്കെ ലഭിക്കുന്നു. കൊഴുകയും അറിഞ്ഞിലും ഇടകലർന്നൽപം ചെമ്മീനുമാണ് ഇപ്പോൾ അധികവും ലഭിക്കുന്നത്. കൊവിഡിന്റെ പശ്ചാതലത്തിൽ അതീവജാഗ്രതയോടെ ടോക്കണടിസ്ഥാനത്തിൽ മുപ്പത് പേരെ കയറ്റിയാണ് ഹാർബറിൽ കച്ചവടം. കോസ്റ്റൽ പൊലീസും ഫിഷറീസ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ഒരോ ദിവസവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. കാലവർഷം നന്നാവുകയും കടൽതണുക്കുകയും ചെയ്താൽ ചാളയും അയലയും പൂവ്വലൻ ചെമ്മീനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. അഴീക്കോടിന്റെ തുടിപ്പുകൾ നാട്ടിക വരെയുള്ള തീരദേശത്തെ ചലനാത്മകമാക്കിയിട്ടുണ്ട്. ഹാർബർ പ്രൊട്ടക്ഷൻ കമ്മിറ്റി അംഗങ്ങളായ അഷറഫ് പൂവ്വത്തിങ്കൽ, നൗഷാദ് കറുകപ്പാടത്ത്, പി.എ. ഷാനവാസ്, ഷിഹാബ്, പി.എച്ച്. റാഫി തുടങ്ങിയവർ ഹാർബറിന്റെ കരുതലിന് നേതൃത്വം നൽകുന്നു. കോസ്റ്റൽ പൊലീസ് സി.ഐ അനിതാ കുമാരിയുടെ കീഴിലുള്ള സംഘം ഇരുപത്തിനാലു മണിക്കൂറും ഹാർബറിൽ ഡ്യൂട്ടിയിലുണ്ട്.